'ബസൂക്ക' മനുഷ്യനെ കൊല്ലാത്തൊരു ത്രില്ലര്‍ പടം; മമ്മൂട്ടി എത്തുന്നത് 2 അടിപൊളി ലുക്കിലെന്നും സിദ്ധാര്‍ത്ഥ് ഭരതന്‍
ചിത്രം ഏപ്രില്‍ 10നാണ് തിയറ്ററുകളില്‍ എത്തുന്നത്;
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ബസൂക്ക. മമ്മൂട്ടി സ്‌റ്റൈലിഷ് ഗെറ്റപ്പിലെത്തുന്ന ചിത്രം ഏപ്രില്‍ 10നാണ് തിയറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്‍ മെറ്റീരിയലുകളും ഇതിന്റെ ഭാഗമായി പുറത്തുവരുന്നുണ്ട്.
അതിനിടെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ രംഗത്തെത്തിയത്. മനുഷ്യനെ കൊല്ലാത്തൊരു ത്രില്ലര്‍ പടമാണ് ബസൂക്കയെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. മാത്രമല്ല, ചിത്രത്തില്‍ മമ്മൂട്ടി രണ്ട് അടിപൊളി ലുക്കിലാണ് വരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒണ്‍ ടു ടോക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു സിദ്ധാര്‍ഥിന്റെ പ്രതികരണം.
സിദ്ധാര്‍ത്ഥ് ഭരതന്റെ വാക്കുകള്‍:
ബസൂക്കയ്ക്ക് ശേഷമായിരുന്നു ഭ്രമയുഗത്തില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ജോണറിലുള്ള സിനിമയാണ് ബസൂക്ക. ക്യാറ്റ് ആന്റ് മൗസ് ഗെയിം ഉണ്ട്. ഒരാളെ പിടിക്കാന്‍ നോക്കുന്നു. അയാള്‍ പിടിക്കപ്പെടാതെ നോക്കുന്നു എന്നതാണ്. ബസൂക്കയില്‍ മമ്മൂക്ക രണ്ട് ലുക്കിലാണ് വരുന്നത്. രണ്ട് ലുക്കും അടിപൊളിയാണ്. നല്ല ആക്ഷന്‍ രംഗങ്ങളുണ്ട്.
ബസൂക്കയില്‍ കൊലപാതക രംഗങ്ങള്‍ ഒന്നുമില്ല. അങ്ങനത്തെ സീനുകളും ഇല്ല. മനുഷ്യനെ കൊല്ലാത്തൊരു ത്രില്ലര്‍ പടം. വയലന്‍സില്ലാത്ത ഒരു ത്രില്ലര്‍ ഫിലിം. വയലന്‍സ് ട്രെന്റ് ആണല്ലോ ഇപ്പോള്‍, അതാണ് അങ്ങനെ പറയാന്‍ കാരണം. മനുഷ്യനെ കൊല്ലുന്നതാണ് ഇപ്പോഴിവിടെ ആളുകള്‍ എന്‍ജോയ് ചെയ്യുന്നത്. പ്രേക്ഷകരുടെ കാര്യമാണ് പറയുന്നത്. അതെന്ത് കൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. കോമഡി, പ്രണയ സിനിമകള്‍ വരണം. പ്രേക്ഷകരുടെ വ്യൂ പോയിന്റ് മാറി.
കാര്യങ്ങള്‍ മനസിലാകുന്ന മനുഷ്യനാണ് മമ്മൂക്ക. കുറച്ചൊന്ന് ഗമയിട്ട് നിക്കും. ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അടുക്കാതിരിക്കാനാകും. അഭിനേതാക്കളെ സമമായിട്ട് കാണും. മഹാനായ വ്യക്തിയാണ് അദ്ദേഹം- എന്നും സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നു.