തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നില്‍ ആ 20 കാരി; വെളിപ്പെടുത്തലുമായി അനുപമ പരമേശ്വരന്‍

നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ടെന്നും പ്രതി അവരുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും താരം;

Update: 2025-11-09 12:02 GMT

തിരുവനന്തപുരം: തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പിന്നില്‍ 20 വയസ്സുള്ള തമിഴ്നാട്ടുകാരിയാണെന്ന വെളിപ്പെടുത്തലുമായി നടി അനുപമ പരമേശ്വരന്‍. കേരള സൈബര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് നടി അറിയിച്ചു. ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു അനുപമയുടെ വെളിപ്പെടുത്തല്‍. വിദ്വേഷം പ്രചരിപ്പിക്കുക എന്നതു മാത്രമായിരുന്നു പെണ്‍കുട്ടിയുടെ പ്രധാന ലക്ഷ്യമെന്നും അനുപമ വ്യക്തമാക്കി. എങ്കിലും പെണ്‍കുട്ടിയുടെ പ്രായം പരിഗണിച്ച് അവരുടെ വ്യക്തിത്വം വെളിപ്പെടുത്താന്‍ അനുപമ തയാറായില്ല.

'കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വ്യാജമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്ന ഒരു ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ശ്രദ്ധയില്‍പ്പെട്ടത്. എന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും ടാഗ് ചെയ്തുകൊണ്ടായിരുന്നു മോര്‍ഫ് ചെയ്ത ചിത്രങ്ങളോടു കൂടിയും അടിസ്ഥാനരഹിതമായ ആരോപണങ്ങളോടു കൂടിയുമുള്ള ആ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇത് ഓണ്‍ലൈനില്‍ കാണേണ്ടി വന്നത് മാനസികമായി ഏറെ വിഷമമുണ്ടാക്കി. കൂടുതല്‍ പരിശോധനയില്‍, എന്നെ സംബന്ധിച്ച എല്ലാ പോസ്റ്റുകളിലും ദുരുദ്ദേശ്യപരമായ ഉള്ളടക്കവും വിദ്വേഷ കമന്റുകളും പ്രചരിപ്പിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട് എന്ന് മനസ്സിലായി.'

ഈ വ്യക്തിക്ക് ഒന്നിലധികം വ്യാജ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നതായി അനുപമ പറഞ്ഞു. ഉടന്‍ തന്നെ കേരള സൈബര്‍ ക്രൈം പൊലീസില്‍ പരാതി നല്‍കുകയും അവരുടെ സഹായത്താല്‍ പ്രതിയെ തിരിച്ചറിയുകയും ചെയ്തു. തമിഴ് നാട്ടില്‍ നിന്നുള്ള 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഇതിന് പിന്നിലെന്നും പ്രായവും ഭാവിയും കണക്കിലെടുത്ത് വ്യക്തിവിവരം ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഒരു സ്മാര്‍ട്ട്ഫോണ്‍ കൈവശം വെയ്ക്കുന്നതോ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ഉപയോഗിക്കാന്‍ അവസരം ലഭിക്കുന്നതോ മറ്റൊരാളെ ഉപദ്രവിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ അവര്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനോ ആര്‍ക്കും അവകാശം നല്‍കുന്നില്ലെന്ന് അനുപമ ഓര്‍മ്മിപ്പിച്ചു. ഓണ്‍ലൈനിലെ ഓരോ പ്രവൃത്തിക്കും തെളിവുകള്‍ അവശേഷിക്കുമെന്നും അതിന് ഉത്തരം പറയേണ്ടിവരുമെന്നും അനുപമ വ്യക്തമാക്കി.

താന്‍ നിയമനടപടികളുമായി മുന്നോട്ട് പോയിട്ടുണ്ടെന്നും പ്രതി അവരുടെ പ്രവൃത്തിയുടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു നടിയോ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയോ ആയതുകൊണ്ട് അടിസ്ഥാനപരമായ അവകാശങ്ങള്‍ ഇല്ലാതാകുന്നില്ല. സൈബര്‍ ബുള്ളിയിംഗ് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും അനുപമ മുന്നറിയിപ്പ് നല്‍കി.

തമിഴില്‍ ഡ്രാഗണ്‍, ബൈസണ്‍ കാലമാടന്‍, തെലുങ്കില്‍ പരദ, കിഷ്‌കിന്ധാപുരി എന്നീ ചിത്രങ്ങളിലും മലയാളത്തില്‍ JSK: ജാനകി V v/s സ്റ്റേറ്റ് ഓഫ് കേരള, ദി പെറ്റ് ഡിറ്റക്റ്റീവ് എന്നീ ചിത്രങ്ങളുമാണ് അനുപമയുടേതായി അടുത്തിടെ പുറത്തിറങ്ങിയത്. ലോക്ക് ഡൗണ്‍ എന്ന തമിഴ് ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

Similar News