അല്ലു അര്‍ജുന്‍ കോടതിയില്‍; കേസ് റദ്ദാക്കണമെന്ന് ആവശ്യം

Update: 2024-12-12 05:21 GMT



ഹൈദരാബാദ്: പുഷ്പ 2 യുടെ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ അല്ലു അര്‍ജുന്‍ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചു.

ഡിസംബര്‍ നാലിന് തെലങ്കാനയിലെ സന്ധ്യ തിയേറ്ററില്‍ പ്രീമിയര്‍ ഷോയ്ക്കിടെ എത്തിയ അല്ലു അർജുനെ  കാണാന്‍ ആളുകള്‍ ഒഴുകിയെത്തിയപ്പോഴായിരുന്നു അപകടമുണ്ടായത്. 39 വയസുകാരി രേവതിയാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. ഇവരുടെ എട്ട് വയസ്സുള്ള മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രേവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ അല്ലു അര്‍ജുനെതിരെയും അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും തിയേറ്റര്‍ മാനേജ്‌മെന്റിനെതിരെയും ചിക്കടപ്പള്ളി പൊലീസ് കേസെടുത്തിരുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 105, 118 (1) പ്രകാരമെടുത്ത കേസില്‍ തിയേറ്റര്‍ ഉടമകളില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.

കേസ് റദ്ദാക്കണമെന്നാണ് അല്ലു അര്‍ജുന്‍ കോടതിയില്‍ നല്‍കിയില്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. നേരത്തെ മരണപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് നടന്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.

Similar News