ഒരു കലോത്സവ ഓര്‍മ്മയുടെ പിന്നാമ്പുറത്ത്, ഐ.കെ. നെല്ലിയാട്ട് ടീച്ചര്‍

Update: 2025-02-10 11:00 GMT

60കളുടെ ഒടുവില്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഞങ്ങളെ പഠിപ്പിച്ച അധ്യാപകരില്‍ ഏറെ പ്രിയപ്പെട്ട ഐ.കെ. നെല്ലിയാട്ട് ടീച്ചറും കാലയവനികക്കപ്പുറം മറഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കൂഡ്‌ലു ഗംഗെ റോഡരികിലെ വീട്ടില്‍ ജീവിതത്തിന്റെ നവതി കാലവും പിന്നിട്ട് നിശബ്ദയായി വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു ടീച്ചര്‍. ഒരുമാസം നീണ്ടുനിന്ന ജി.എച്ച്.എസ്.എസ്. നൂറ്റാണ്ടിന്റെ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍, അധ്യാപകരെ ആദരിക്കുന്ന വിഷയം നിര്‍വാഹക സമിതിയില്‍ ചര്‍ച്ചക്ക് വന്നപ്പോള്‍ സംഘാടകരില്‍ ഒരാളെന്ന നിലയില്‍ ഞാന്‍ സൂചിപ്പിച്ചതാണ്. ജീവിത്തിന്റെ സായാഹ്നങ്ങളിലെത്തിയ അധ്യാപകര്‍ക്ക് ആദരവ് നല്‍കുന്ന കാര്യത്തില്‍ ഇനി ഒട്ടും അമാന്തിച്ചു കൂടാ, അത് ഭാവിയിലേക്ക് മാറ്റി വെക്കുമ്പോള്‍ ആരൊക്കെ ഇവിടെ ബാക്കിയുണ്ടാവുമെന്നും ആരെയൊക്കെ ആദരിക്കാന്‍ പറ്റുമെന്നും ഒരു നിശ്ചയവും ഇല്ലല്ലോ എന്ന്. അതുപോലെ സംഭവിച്ചു. വീട്ടില്‍ പോയി ആദരിക്കേണ്ടിയിരുന്നു നെല്ലിയാട്ട് ടീച്ചറെ...

2016ല്‍ കേരളത്തിന്റെ 56-ാമത് ജില്ലാ കലോത്സവം കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുമ്പോള്‍ ഞാനവിടത്തെ അധ്യാപക രക്ഷാകര്‍തൃ സമിതി (പി.ടി.എ.) അധ്യക്ഷനും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡണ്ടും കൂടി ആയിരുന്നു. കലോത്സവം നടക്കുന്നത് ഒരു ജനുവരിയില്‍. അതിനോടനുബന്ധിച്ച് ഞങ്ങളിറക്കിയ സോവനീറില്‍ ചേര്‍ത്ത എന്റെ ഒരു ലേഖനത്തിന്റെ വിഷയം ബോഡ് സ്‌കൂളും പഴയ അധ്യാപകരും ആണ്. തലക്കെട്ട്, നൂറ്റാണ്ടിലേക്ക് ചുവടുവെയ്ക്കുന്ന ബോര്‍ഡ് ഹൈസ്‌കൂള്‍ എന്നും. ഒരു വ്യാഴവട്ടത്തിന് ശേഷം വരുന്ന ജില്ലാ കലോത്സവ സോവനീറില്‍ ഞങ്ങളുടെ പഴയ അധ്യാപകരുടെ ഓര്‍മ്മകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് തീരുമാനമായി.

ഒരിക്കല്‍ ജി.എച്ച്.എസ്.എസില്‍ അധ്യാപകനായിരുന്നപ്പോള്‍ കിട്ടാവുന്ന പഴയ അധ്യാപകരെ അവരുടെ വീട്ടില്‍ ചെന്ന് കണ്ട് മുഖാമുഖം നടത്തി പകര്‍ത്തിയ അവരുടെ അനുഭവങ്ങള്‍ ആ സോവനീറില്‍ ചേര്‍ക്കുകയുണ്ടായി. അതില്‍ പ്രഥമ പരിഗണന നല്‍കിയത് നെല്ലിയാട്ട് ടീച്ചര്‍ക്കാണ്.

കൂഡ്ലു ഗംഗെ റോഡിലെ വീട്ടിലേക്ക് പോയത് ഞാനും പിന്നെ ടീച്ചറുടെ മറ്റൊരു ശിഷ്യനും ടീച്ചറുടെ മക്കളുടെ സഹപാഠിയും ഉറ്റ സുഹൃത്തും പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സജീവ പ്രവര്‍ത്തകനും ജില്ലാ കലോത്സവ സംഘാടക സമിതി അംഗവും ഒക്കെ ആയ ചൂരിയിലെ സി.എച്ച് അബ്ദുല്ലക്കുഞ്ഞിയുമാണ്. ഞങ്ങളെ അന്ന് ടീച്ചര്‍ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്. സ്‌കൂളിന്റെ പുതിയ വിശേഷങ്ങള്‍ ടീച്ചറോട് അങ്ങോട്ട് പറയാന്‍ വായ തുറക്കുന്നതിന് മുന്നേ ടീച്ചര്‍ അതൊക്കെ ഇങ്ങോട്ട് പറയുന്നു. പ്രായത്തിന്റെ അസ്‌ക്യതകളൊക്കെ അന്നും ഉണ്ടായിരുന്നെങ്കിലും ഈ കാലത്തേ പോലെ തീര്‍ത്തും അവശ ആയിരുന്നില്ല. അല്ലെങ്കില്‍ അവശ ആണെന്ന് തോന്നിപ്പിച്ചില്ല. അല്ല, വിദ്യാര്‍ത്ഥികളായ ഞങ്ങളുടെ മുന്നില്‍ ചുറുചുറുക്ക് കാട്ടിയതാണോ? അറിയില്ല. ടീച്ചര്‍ അത്രമാത്രം സ്‌കൂള്‍ വിഷയങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു എന്ന് സാരം.

സ്‌കൂള്‍, കണ്ണൂര്‍ ജില്ലയിലെ ഏറ്റവും നിലവാരം കുറഞ്ഞതെന്ന് പരക്കെ വിവക്ഷിക്കപ്പെട്ടിരുന്ന ഒരു ഘട്ടത്തിലാണ് മാഡം അധ്യാപികയായി ഗവ. സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ (അന്ന് അതറിയപ്പെട്ടത് അങ്ങനെയാണ്) എത്തുന്നത്.

ആ ടീച്ചര്‍ അന്നും ഈ മരണം വരെയും ഗവ. ഹൈസ്‌കൂളിനെ ഏറെ സ്‌നേഹിച്ച അധ്യാപകരില്‍ ഒരാളാണെന്ന് ആ സംസാരത്തില്‍ നിന്നും ഞങ്ങള്‍ക്ക് വ്യക്തമായി. ആ 70 കാലത്ത് എസ്.എസ്.എല്‍.സി.ക്ക് കണക്ക് ആണ് നെല്ലിയാട്ട് ടീച്ചര്‍ ഞാനുള്‍ക്കൊള്ളുന്ന ബാച്ചിനെ (ത ഋ) പഠിപ്പിച്ചത്.

പൊതുവെ കണക്കില്‍ പിന്നിലായിരുന്നു ഇയാള്‍. ഇന്നും കണക്കില്‍ കണക്ക് തന്നെ. ഒരുപക്ഷെ അന്ന് എസ്.എസ്.എല്‍.സി. എന്ന കടമ്പ കടന്ന് കിട്ടാന്‍, മാത്‌സിന്റെ പാലം എനിക്ക് കടക്കാനായത് ടീച്ചര്‍ നിമിത്തമാവാനാണ് സാധ്യത. ബാക്കി വിഷയങ്ങളിലൊക്കെ ഞാന്‍ കൊള്ളാം. വല്ലാത്ത പേടിയായിരുന്നു ടീച്ചറെ. കണക്ക് ടീച്ചറെന്ന നിലയില്‍ പ്രത്യേകിച്ചും. ആ പിരീഡില്‍ ഞാന്‍ ഉഴപ്പിയതേയില്ല. ഹോം വര്‍ക്ക് ഒക്കെ ചെയ്തുവന്നു. അക്കാലത്ത് എപ്പഴും ഗൗരവം മുഖത്തണിഞ്ഞിരുന്ന ടീച്ചറെ എനിക്ക് കാണാനായിട്ടുള്ളൂ. പി.വി.സി. നമ്പ്യാര്‍ മാഷ്, വിശ്വനാഥന്‍ തമ്പി മാഷ്, അപ്പുക്കുട്ടന്‍ മാഷ് ഒക്കെ ടീച്ചര്‍ക്ക് പിന്നാലെ എത്തിയതാവണം അവിടെ. പ്രഗത്ഭരായ അധ്യാപകര്‍, പില്‍ക്കാലത്ത് പ്രഗത്ഭരായി വന്ന സഹപാഠികള്‍. ആ സ്‌കൂള്‍ കാലം ഗൃഹാതുരത്വം തുളുമ്പുന്ന ബഹുവര്‍ണ്ണ ഓര്‍മ്മകളോടെ ഇന്നും എന്റെ മനസ്സിലുണ്ട്. കോളേജ് കാലം അതിലും മനോഹരം ആയിരിക്കാം. പക്ഷെ മനസ്സിനകത്ത് ഇളം ആധി വന്ന് നിറയാന്‍ തുടങ്ങിയിരുന്നു ആ കാലത്ത്.

1958ലാണ് ഐ.വി കമലം ടീച്ചര്‍ കുടുംബം കാസര്‍കോട്ടേക്ക് പറിച്ചുനട്ടത്. സസ്യശാസ്ത്രജ്ഞനായ ഭര്‍ത്താവ് ഇ.വി നെല്ലിയാട്ട് കാസര്‍കോട്ടെ തോട്ടവിള ഗവേഷണ കേന്ദ്രത്തിലേക്ക് സ്ഥലം മാറി വരുമ്പോള്‍ ഞാനും ഇങ്ങുപോന്നു എന്നാണതിനെ ടീച്ചര്‍ വിശേഷിപ്പിച്ചത്. കേട്ടിട്ടില്ലേ, ടീച്ചര്‍ ചോദിച്ചു. കോഴിക്കോട് പാവമണി റോഡ്? ആ പേര് അറിയപ്പെടുന്നത് അച്ഛന്റെ, ചേട്ടന്റെ മുത്തച്ഛന്റെ, ജോണ്‍ പാവമണിയുടെ പേരിലാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരത്തിലൊക്കെ പ്രവര്‍ത്തിച്ച ഒരു അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാവും ആയിരുന്നു. ഞങ്ങള്‍ ചോദിച്ചു. ടീച്ചറോ? ടീച്ചറതിനെ ചിരിച്ചുതള്ളി. കാസര്‍കോട്ടെത്തി ഒരു വര്‍ഷം തളങ്കര മുസ്ലിം ഹൈസ്‌കൂളില്‍ ജോലി ചെയ്ത ശേഷമാണ് ബോഡ് സ്‌കൂളില്‍ എത്തുന്നത്. ടീച്ചര്‍ പറഞ്ഞു. അന്ന് കന്നഡ ഡിവിഷന്‍ മാത്രമായിരുന്നു ബോഡ് സ്‌കൂളില്‍. കുന്നുംപുറത്ത് മേലെ, 1920ല്‍ പണിത ഒന്ന് രണ്ട് ചെറിയ കെട്ടിടങ്ങളും. പിന്നെ 1927ല്‍ എജുക്കേഷന്‍ ബോര്‍ഡ് പണിത വലിയ കെട്ടിടവും. ജാല്‍സൂര്‍ (ഇന്നത്തെ എം.ജി. റോഡ്) പാതയോരത്ത് ഒരു പുതിയ കെട്ടിടം ഉണ്ടായിരുന്നു. ബാക്കിയൊക്കെ ഞാനവിടെ ടീച്ചറായിരിക്കെ, കേരള സര്‍ക്കാറിന്റെ വിദ്യാഭ്യാസ വകുപ്പ് പണിത് നല്‍കിയതാണ്. 57ല്‍ കാസര്‍കോട് പുതുതായി വരുന്ന സര്‍ക്കാര്‍ കോളേജിന് വേണ്ടിയുള്ള താല്‍ക്കാലിക ഷെഡ്ഡുകള്‍ വന്നത് ഈ കോമ്പൗണ്ടിലാണ്.

പിന്നെയും ഒരു വ്യാഴവട്ടത്തിനിപ്പുറം 1972 ലാണ് കാസര്‍കോട് ഗേള്‍സ് സ്‌കൂള്‍ നിലവില്‍ വരുന്നത്. സി. രാഘവന്‍ മാഷെപ്പോലുള്ളവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഞാന്‍ ഗേള്‍സിലേക്ക് മാറുന്നത്. ടീച്ചര്‍ അക്കാലത്തെ ഓര്‍ത്തെടുത്തു. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ പഴയ ഡി.ഇ.ഒ ഓഫീസിന് മുകളില്‍ തുടക്കമിട്ട ഗേള്‍സ് സ്‌കൂള്‍ സത്യത്തില്‍ അന്ന് ഒരു ഏകാധ്യാപക വിദ്യാലയമായിരുന്നു. ഹമീദലി ഷംനാട്, കെ.എസ് അബ്ദുല്ല, സി. രാഘവന്‍ മാഷ്, കെ.എം അഹ്മദ് മാഷ് തുടങ്ങിയവരുടെ പ്രയത്നം അതിനു പിന്നിലുണ്ട്. അവരില്‍ കണ്ട ആ പ്രതിബദ്ധതയാണ് എന്നെ, ഒറ്റക്കാണെന്നത് മറന്ന് ആ ടാസ്‌ക് ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചത്. ടീച്ചര്‍ അഭിമാന ഭാവം മുഖത്ത് പ്രതിഫലിപ്പിച്ചുകൊണ്ട് പറഞ്ഞു. രാമ റാവു, കെ.സി നായര്‍, പരമേശ്വരന്‍, ചന്തു, മാഷ്, ശിവരാമ ആചാര്‍, പി.വി.സി നമ്പ്യാര്‍, തമ്പി മാഷ്, പി. അപ്പുക്കുട്ടന്‍ മാഷ്, ഇന്ദിര ടീച്ചര്‍, അബ്ദുല്ലക്കുഞ്ഞി മാഷ്, കെ.വി കുമാരന്‍, സുന്ദര്‍ ഷെട്ടി, സുബ്രായ മാഷ്, നരസിംഹ ഭട്ട് തുടങ്ങിയ അധ്യാപകരെ ഓരോന്നായി ടീച്ചര്‍ ഓര്‍ത്തെടുത്തു.

പ്രിയപ്പെട്ട നെല്ലിയാട്ട് ടീച്ചര്‍ക്ക് നിത്യശാന്തി നേര്‍ന്നു കൊണ്ട് ഒരു എളിയ ശിഷ്യന്‍...

Similar News