തെരുവത്തിന് നഷ്ടമായി അന്തായിച്ചയുടെയും ഹോട്ടല്‍ ഉമ്പൂച്ചയുടെയും വിടവാങ്ങല്‍

Update: 2025-01-06 10:41 GMT

തെരുവത്ത് അന്തായിച്ച തെരുവത്തിന് മാത്രമല്ല ഞങ്ങളുടെ കുണ്ടുവളപ്പിനും കോയാസ് ലൈനിനും ഏറെ നഷ്ടമാണ്. അത്രയ്ക്കും ഞങ്ങള്‍ സ്‌നേഹിച്ച, ഞങ്ങളെ സ്‌നേഹിച്ച വ്യക്തിയായിരുന്നു. പണ്ടൊക്കെ കുണ്ടുവളപ്പ് പറമ്പില്‍ തളങ്കര പ്രദേശത്ത് കളിക്കാത്തവര്‍ വിരളമായിരുന്നു. ഫുട്‌ബോളും ക്രിക്കറ്റും വോളിബോളും തെങ്ങ് ചുറ്റികളിയും ഗോരിക്കളിയും അങ്ങനെ ഈ പറമ്പില്‍ കളിക്കാത്തതില്ല. അന്നൊക്കെ നിരവധി പാമ്പുകള്‍ പറമ്പിലുണ്ടായിരുന്നു. പാമ്പിനെ കണ്ടാല്‍ അന്തായിച്ചയെയാണ് വിളിക്കാറ്. പാമ്പ് പിടിക്കാന്‍ അന്തായിച്ച വിദഗ്ധനായിരുന്നു. അതിനെ പിടിച്ച് സുരക്ഷിത സ്ഥാനങ്ങളില്‍ അദ്ദേഹം വിട്ടയക്കും. വിഷമുള്ള പാമ്പുകളെയും പിടിച്ചിട്ടുണ്ട്. അകാലത്തില്‍ ആദ്യ ഭാര്യ മരിച്ചപ്പോഴും പറക്കമുറ്റാത്ത മക്കള്‍ അനാഥരായപ്പോഴും അദ്ദേഹം ഏറെ ക്ഷമിച്ചു. നാട്ടിലെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തിച്ചു. മറ്റുള്ളവര്‍ക്ക് സഹായം നല്‍കുന്നത് മറുകൈ പോലും അറിയരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. തെരുവത്ത് നിന്നും ഉളിയത്തടുക്കയിലേക്ക് താമസം മാറിയപ്പോള്‍ അവിടെയും ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ നീണ്ടു. ഉളിയത്തടുക്ക നാഷണല്‍ നഗറിലെ ഖിളര്‍ ജുമാ മസ്ജിദ് പ്രസിഡണ്ടായ അന്തായിച്ച ജുമാ മസ്ജിദിന്റെ നിര്‍മാണത്തില്‍ മുഖ്യ പങ്കുവഹിച്ചയാളും അവിടെയൊരു പളളിയുണ്ടാവാന്‍ കാരണക്കാരനുമായിരുന്നു. സ്വന്തം പറമ്പില്‍ നിന്ന് പള്ളിക്കുവേണ്ടി ക്വാട്ടേര്‍സ് നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പള്ളിയില്‍ നടന്ന പ്രസംഗത്തില്‍ പള്ളി ഖത്തീബും ഭാരവാഹികളും ഇത് ഓര്‍ത്തെടുത്തു.

ടി.എ ഇബ്രാഹിം എന്ന തെരുവത്തുകാരുടെ പ്രിയപ്പെട്ട ഹോട്ടല്‍ ഉമ്പൂച്ച തെരുവത്തിന്റെ സമസ്ത മേഖലകളിലെയും നിറസാന്നിധ്യമായിരുന്നു. തെരുവത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങളിലും നബിദിന, റാത്തീബ്, റമദാനിലെ നെയ് കഞ്ഞിവെപ്പ് അടക്കമുള്ള എല്ലാ പരിപാടികളിലും നിറസാന്നിധ്യമായിരുന്നു. പള്ളി വക വാടക കെട്ടിടങ്ങള്‍ നോക്കി നടത്താന്‍ ഉമ്പൂച്ച കാണിച്ച ആത്മാര്‍ത്ഥത എടുത്തു പറയേണ്ട കാര്യമാണ്. യുവാക്കള്‍ക്ക് ശരിയായ ദിശാബോധം പറഞ്ഞുകൊടുക്കും. അതിനാല്‍ ഏത് കാര്യങ്ങളിലും പരിഹാരം തേടി ഉമ്പൂച്ചയുടെ മുന്നിലെത്തും. അന്ന് തെരുവത്ത് ഒരു ക്ലബ്ബ് ഉണ്ടായിരുന്നില്ല. അതിന് പരിഹാരം കണ്ടതും ഉമ്പൂച്ചയായിരുന്നു. പഴയകാലത്തെ ഒരു ക്ലബ്ബിന്റെ കാരംസ് ബോര്‍ഡ്, സെല്‍ഫ്, കസേരകള്‍, കുറച്ചു പുസ്തകങ്ങള്‍ എല്ലാം ഉമ്പൂച്ചയുടെ കസ്റ്റഡിയിലുള്ളപ്പോള്‍ യുവാക്കളെ വിളിച്ചു ഒരു വാടക മുറിയുടെ താക്കോല്‍ ഏല്‍പ്പിച്ച് ഒരു ക്ലബ്ബിന് ആവശ്യമുള്ള സാധനങ്ങള്‍ മുറിയിലുണ്ടെന്നും നിങ്ങള്‍ക്ക് ഒരു ക്ലബ്ബാക്കി കൂടെ എന്ന് പറഞ്ഞതും തെരുവത്തെ യുവാക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 1979ല്‍ തെരുവത്ത് സ്‌പോര്‍ട്ടിംഗ് ആക്കിയതുമായ നിരവധി സംഭവങ്ങളുണ്ട്. മകന്‍ സുല്‍ഫിക്കറുമായി എനിക്കുണ്ടായിരുന്ന വലിയ സൗഹൃദ് ബന്ധം ഉമ്പൂച്ചയെ അടുത്തറിയാനും കൂടുതല്‍ സഹായിച്ചിട്ടുണ്ട്. അന്തായിച്ചയുടെയും ഉമ്പൂച്ചയുടെയും ജീവിതത്തില്‍ നിന്നുള്ള വിടവാങ്ങല്‍ തെരുവത്തിനും സമൂഹത്തിനും വലിയ നഷ്ടമാണ്. ഇരുവരുടെയും മഗ്ഫിറത്തിനായി ദുആ ചെയ്യുന്നു.

Similar News