അഹ്മദ് മാഷും അപ്പുക്കുട്ടന് മാഷും (ഫയല്‍ചിത്രം)
കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലക്ക് ഊര്‍ജ്ജവും പ്രൗഢിയും പകര്‍ന്നിരുന്ന ഒരു സാംസ്‌കാരിക നായകനെയാണ് പി. അപ്പുക്കുട്ടന്‍ മാഷിന്റെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്. ഒരു കാലഘട്ടത്തില്‍, ഏതാണ്ട് മൂന്നര പതിറ്റാണ്ടോളം കാലം ആദ്യം ഉബൈദ് മാഷിനും പിന്നീട് കെ.എം അഹ്മദ് മാഷിനും സി. രാഘവന്‍ മാഷിനും പി.വി കൃഷ്ണന്‍ മാഷിനുമൊപ്പം കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ ചലിപ്പിക്കുകയും ജ്വലിപ്പിക്കുകയും ചെയ്തവരില്‍ ഒരാളായിരുന്നു അപ്പുക്കുട്ടന്‍ മാഷ്.
1960കളുടെ മധ്യത്തിലാണ് പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ പി. അപ്പുക്കുട്ടന്‍ കാസര്‍കോട് ഗവ. ഹൈസ്‌കൂളില്‍ മലയാളം അധ്യാപകനായി എത്തുന്നത്. കാസര്‍കോടിന്റെ സാഹിത്യ-സാംസ്‌കാരിക മേഖലയുടെ ജാലകം കുറെക്കൂടി തുറന്നുവെക്കാന്‍ കൂടിയായിരുന്നു ആ വരവ്. ഗവ. ഹൈസ്‌കൂളില്‍ കെ.പി.വി തമ്പി മാഷും പി.വി.സി നമ്പ്യാരുമൊക്കെ കൂട്ടിനുണ്ടായത് കാസര്‍കോടിന്റെ പരിസരങ്ങളെ കൃത്യമായി പരിചയപ്പെടാന്‍ സഹായകമായി. ചങ്ങാത്തം കൂടാനായി അപ്പുക്കുട്ടന്‍ മാഷ് ആദ്യം തേടിയെത്തിയവരില്‍ ഒരാള്‍ അഹ്മദ് മാഷായിരുന്നു. ആ കൂട്ടുകെട്ടിലേക്ക് മായിപ്പാടി ഡയറ്റില്‍ നിന്ന് പി.വി കൃഷ്ണന്‍ മാഷ് കൂടി എത്തിയതോടെ സൗഹൃദക്കൂട്ട് സമൃദ്ധമായി. സി. രാഘവന്‍ മാഷും ആ കൂട്ടുകെട്ടിന്റെ ഭാഗമായതോടെ കാസര്‍കോടിന്റെ സാംസ്‌കാരിക മേഖലയെ കരുത്തോടെ നയിക്കാനുള്ള സൗഹൃദകൂട്ടായ്മയായി അത് വളരുകയായിരുന്നു. റഹ്മാന്‍ തായലങ്ങാടി ഒരു വര്‍ഷം ഗവ. ഹൈസ്‌കൂളില്‍ പി. അപ്പുക്കുട്ടന്‍ മാഷിന്റെ ശിഷ്യനായിരുന്നുവെങ്കിലും പതുക്കെ റഹ്മാനും ആ സൗഹൃദക്കൂട്ടിലെ കരുത്തുറ്റ കണ്ണികളിലൊരാളായി മാറി.
കാസര്‍കോട് സാഹിത്യവേദി മാത്രമായിരുന്നു ആ കാലഘട്ടത്തില്‍ കാസര്‍കോടിന്റെ ഏക സാംസ്‌കാരിക നിലം. അവിടെ നിന്നാണ് ഉബൈദ് മാഷിന്റെ നേതൃത്വത്തില്‍ ഈ സൗഹൃദകൂട്ടായ്മകള്‍ ചേര്‍ന്ന് മാറ്റത്തിന്റെ കാഹളം മുഴക്കിയത്. അപ്പുക്കുട്ടന്‍ മാഷിന്റെ പ്രഭാഷണങ്ങള്‍ സാഹിത്യവേദിയുടെ ചടങ്ങുകളെ പ്രോജ്വലമാക്കി. ആകാശത്തിന് കീഴെയുള്ള ഏത് വിഷയവും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്, പറഞ്ഞ് ബോധ്യപ്പെടുത്തുന്നതിലെ മികവ്, ആധികാരികമായി ഉന്നയിക്കുന്ന തെളിവുകള്‍, വാക്കുകളുടെ ഒഴുക്ക്-അപ്പുക്കുട്ടന്‍ മാഷിന്റെ പ്രഭാഷണം ആരെയും ഇരുത്തിക്കളയും. കട്ടിയുള്ള വാക്കുകളില്‍ കൊട്ടിക്കയറുന്ന രീതിയായിരുന്നില്ല അദ്ദേഹത്തിന്റേത്. മൃദുവായ വാക്കുകളില്‍ ആശയങ്ങളുടെ സമ്പത്ത് നിറച്ച് മുന്നിലിരിക്കുന്നവന്റെ മുന്നിലേക്ക് അറിവിന്റെ പ്രഭ വിതറുന്നതായിരുന്നു ഓരോ പ്രഭാഷണവും.
ഉബൈദ് മാഷ്-സി. രാഘവന്‍ മാഷ്-കെ.എം അഹ്മദ് മാഷ്-പി.വി കൃഷ്ണന്‍ മാഷ്-കോടോത്ത് നാരായണന്‍ നായര്‍-പി.വി.സി നമ്പ്യാര്‍-കെ.പി.വി തമ്പി-റഹ്മാന്‍ തായലങ്ങാടി-ഇബ്രാഹിം ബേവിഞ്ച കൂട്ടുകെട്ടുകള്‍ കാസര്‍കോട് സാഹിത്യവേദി വാണകാലം കാസര്‍കോടിന് അക്ഷരപ്പെരുമയുടെയും സാഹിത്യ സമൃദ്ധിയുടെയും സാംസ്‌കാരിക തുടിപ്പിന്റെയും ഉജ്ജ്വലമായ ഒരു കാലഘട്ടമായിരുന്നു. കാസര്‍കോടിന്റെ സാഹിത്യ-സാംസ്‌കാരിക മേഖലക്ക് ഈ കൂട്ടുകെട്ടുകളുടെ കാലം നല്‍കിയ സംഭാവനകളേക്കാള്‍ മറ്റൊരു കാലത്തിനും നല്‍കാനായിട്ടില്ല. പി. അപ്പുക്കുട്ടന്‍-കെ.എം അഹ്മദ്-പി.വി കൃഷ്ണന്‍ ത്രയം ഇക്കൂട്ടത്തില്‍ അപാരവും അപൂര്‍വ്വവുമായ കൂട്ടുകെട്ടായിരുന്നു.
സാഹിത്യം പോലെ തന്നെ നാടകവും പി. അപ്പുക്കുട്ടന് ഇഷ്ടമേഖലയായിരുന്നു. അദ്ദേഹം നാടകത്തെ കുറിച്ച് ആഴത്തില്‍ പഠിക്കുകയും നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഈശ്വരന്‍ അറസ്റ്റില്‍ എന്ന നാടകത്തില്‍ ഐന്‍സ്റ്റീന്റെ വേഷം ചെയ്തത് അപ്പുക്കുട്ടന്‍ മാഷാണെന്ന് റഹ്മാന്‍ തായലങ്ങാടി ഇപ്പോഴും ഓര്‍ക്കുന്നു. നാടകം അന്നൂരുകാരുടെ വികാരമാണ്. അപ്പുക്കുട്ടന്‍ മാഷിന്റെ വീട് തേടി അന്നൂരിലെത്തുന്നവരോട് നാട്ടുകാര്‍ പറയുക; വീട്ടില്‍ ചെന്നാല്‍ കാണില്ല, അദ്ദേഹത്തെ ഏതെങ്കിലും വായനശാലയിലോ നാടക കേന്ദ്രത്തിലോ ചെന്ന് അന്വേഷിക്കൂ എന്നാണ്.
ഉത്തരദേശം പത്രത്തിന്റെ വളര്‍ച്ചയില്‍ അഹ്മദ് മാഷിനൊപ്പം കരുത്താര്‍ന്ന താങ്ങായി നിന്നവരില്‍ ഒരാളായിരുന്നു പി. അപ്പുക്കുട്ടന്‍. ഉത്തരദേശം പത്രത്തിന്റെ പിറവിക്ക് പിന്നില്‍ അഹ്മദ് മാഷിന് നിരന്തരം പ്രേരണ നല്‍കിയവരില്‍ ഒരാളും. കാസര്‍കോടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് ഒരു പത്രത്തിന്റെ അനിവാര്യത തിരിച്ചറിഞ്ഞപ്പോള്‍ അഹ്മദ് മാഷിനെ മുന്നില്‍ നിര്‍ത്തി ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പി. അപ്പുക്കുട്ടനും പി.വി കൃഷ്ണനും വഹിച്ച പങ്ക് ചെറുതല്ല. ഉത്തരദേശത്തിന്റെ ഓരോ മുന്നേറ്റത്തിലും ഉപദേശകരെ പോലെ ഇരുവരും നിലകൊണ്ടു. അപ്പുക്കുട്ടന്‍ മാഷ് കൈകാര്യം ചെയ്തിരുന്ന പ്രതിവാര കോളം ഉത്തരദേശത്തിന് അലങ്കാരവും വായനക്കാര്‍ക്ക് അറിവിന്റെ കിണറുമായിരുന്നു. സമകാലിക വിഷയങ്ങളില്‍ ഇടപെട്ട് അദ്ദേഹം എഴുതിയിരുന്ന കോളങ്ങളില്‍ മധുരമാര്‍ന്ന ഉപദേശവും ചില ഘട്ടങ്ങളില്‍ താക്കീതും ഉണ്ടായിരുന്നു. കെ.എം അഹ്മദ് മാഷിന്റെ നിര്യാണത്തെ തുടര്‍ന്ന് കുറച്ചുകാലം ഉത്തരദേശത്തിന്റെ പത്രാധിപരായും അപ്പുക്കുട്ടന്‍ മാഷ് പ്രവര്‍ത്തിച്ചു. പത്രം സസൂക്ഷ്മം നിരീക്ഷിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും നിരന്തരം നല്‍കുമായിരുന്നു. അസുഖ ബാധിതനായി വിശ്രമത്തിലായതോടെയാണ് പി. അപ്പുക്കുട്ടന്‍ ഉത്തരദേശത്തിന്റെ പത്രാധിപ പദവി ഒഴിഞ്ഞത്.
രാഘവന്‍ മാഷിനും അഹ്മദ് മാഷിനും ഇബ്രാഹിം ബേവിഞ്ചക്കും പിന്നാലെ അപ്പുക്കുട്ടന്‍ മാഷും വിടവാങ്ങി.
കാസര്‍കോട് ഇപ്പോള്‍ സാംസ്‌കാരികമായും പൊരിവെയിലിലാണ്.