കഴിഞ്ഞ അഞ്ചുപതിറ്റാണ്ടോളം മത-രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ ഭാഗമായി ജീവിതം നയിച്ച ചെര്‍ക്കള വെസ്റ്റ് പൊടിപ്പള്ളത്തെ പി.എം അഹമ്മദ് ഹാജി പെരുന്നാള്‍ ദിവസം നമ്മെ വിട്ടുപിരിഞ്ഞു.
എന്നും ചെറുപുഞ്ചിരി സമ്മാനിച്ച് നമ്മെ അഭിമുഖീകരിക്കാറുള്ള അദ്ദേഹത്തിന്റെ ജീവിതം പുതുതലമുറയ്ക്ക് ഒരു മാതൃകയായിരുന്നു. ഏത് പ്രതിസന്ധിഘട്ടങ്ങളിലും നേരിട്ട് പതറാതെ, ചിതറാതെ എല്ലാ നല്ല കാര്യങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുന്ന അദ്ദേഹം നാട്ടുകാര്‍ക്കെല്ലാം മുതല്‍ക്കൂട്ടായിരുന്നു.
മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം മതകാര്യങ്ങളിലും പൊതുകാര്യങ്ങളിലും നിറസാന്നിധ്യമായിരുന്നു.
പൊടിപ്പള്ളം ബിലാല്‍ മസ്ജിദ് സ്ഥാപിക്കുന്നതിലും മറ്റും സജീവ സാന്നിധ്യം ആയിരുന്ന അദ്ദേഹം. കമ്മിറ്റിയുടെ ട്രഷററായി കുറേക്കാലം പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് പള്ളിയുടെ മനോഹരമായ വിപുലീകരണങ്ങളില്‍ അദ്ദേഹം പൂര്‍ണ പിന്തുണയോടെ ഒപ്പം നില്‍ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വിടവ് പെട്ടെന്നായിരുന്നു. എന്നും പള്ളിയുടെ പുരോഗതികളിലും നാടിന്റെ നന്മകളിലും സന്തോഷം കണ്ടെത്തിയ ഒരാളായിരുന്നു അഹമ്മദ് ഹാജി. നല്ലൊരു സുഹൃദ് വലയത്തിന്റെ ഉടമകൂടിയായിരുന്നു.
കുറച്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ശാരീരിക അവശത നേരിട്ടുകൊണ്ടിരുന്ന അദ്ദേഹം റമദാന്‍ 27 വെള്ളിയാഴ്ച പൊടിപ്പള്ളം ജുമാ മസ്ജിദില്‍ ജുമാ നിസ്‌കാരത്തില്‍ പങ്കെടുക്കുകയും സൗഹൃദം പുതുക്കുകയും ചെയ്താണ് മടങ്ങിയത്.
പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളിയില്‍ എത്തണമെന്ന് അദ്ദേഹത്തിന്റെ അഭിലാഷമായിരുന്നുവെങ്കിലും സ്രഷ്ടാവിന്റെ വിധി മറ്റൊന്നായിരുന്നു. പെരുന്നാള്‍ ദിവസം രാവിലെ അദ്ദേഹം എല്ലാവരെയും ദു:ഖിപ്പിച്ച് യാത്രയായി. സ്രഷ്ടാവായ നാഥന്റെ ആരും തടുക്കാന്‍ ആവാത്ത വിധിയായിരുന്നു അത്.
നാഥാ, എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും പ്രോത്സാഹനവും പിന്തുണയും നല്‍കിയിരുന്ന അഹമ്മദ് ഹാജിക്ക് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കണമേ ആമീന്‍.