എന്‍.എം കറമുല്ല ഹാജിക്ക് പിന്നാലെ തളങ്കരയിലെ ആദൂര്‍ അബ്ദുല്ല ഹാജിയും വിടവാങ്ങി. ഒരേവഴിയിലെ സഹയാത്രികരായിരുന്നു രണ്ടുപേരും. വ്യാപാര രംഗത്ത് കറമുല്ല ഹാജി മുംബൈയിലും നാട്ടിലും വിജയക്കൊടി പറത്തിയെങ്കില്‍ ആദൂര്‍ അബ്ദുല്ല ഹാജി ദുബായിലാണ് വ്യാപാര രംഗത്ത് തന്റെ വിജയക്കഥ രചിച്ചത്. കറ കളഞ്ഞ ദീനീ പ്രവര്‍ത്തകരായിരുന്നു ഇരുവരും. തബ്‌ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച ജീവിതം. പ്രസ്ഥാനത്തിന്റെ പ്രധാന പ്രവര്‍ത്തകരായിരുന്നു രണ്ടുപേരും.
വ്യാപാര രംഗത്ത് കഠിനമായ പ്രയത്‌നങ്ങളിലൂടെയാണ് ആദൂര്‍ അബ്ദുല്ല ഹാജി വിജയവഴി വെട്ടിത്തെളിച്ചത്. ദുബായില്‍ എത്തി ആദ്യം ജീവനക്കാരനായും പിന്നീട് നിരവധി സ്ഥാപനങ്ങളുടെ ഉടമയായും വളര്‍ന്നത് കഠിനമായ അധ്വാനത്തിലൂടെയാണ്. സത്യസന്ധമായ വഴികളിലൂടെയല്ലാതെ സഞ്ചരിച്ച് പരിചയമില്ല. ചെറിയ ലാഭത്തിന് ഉല്‍പ്പന്നങ്ങള്‍ വിറ്റ് കൂടുതല്‍ വ്യാപാരം നടത്തുക എന്നതായിരുന്നു ആദൂര്‍ അബ്ദുല്ല ഹാജിയുടെ രീതി. അത് വിജയകരമായി. ദുബായില്‍ സ്ഥാപനങ്ങളുടെ എണ്ണം വളരുക മാത്രമല്ല നാട്ടിലും വ്യാപാര സമുച്ചയങ്ങള്‍ ഉയര്‍ത്താനായി. അബ്ദുല്ല ഹാജിയെ പോലെ തന്നെ മക്കളും കഠിനാധ്വാനികളാണ്. മൂന്ന് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് അദ്ദേഹത്തിന്.
ദീനീ സേവനരംഗത്ത് വലിയ തല്‍പരനായിരുന്നു അബ്ദുല്ല ഹാജി. തളങ്കര സിറാമിക്‌സ് റോഡില്‍ ഒരു നിസ്‌കാര പള്ളിയുടെ ആവശ്യകത തിരിച്ചറിഞ്ഞപ്പോള്‍ സ്വന്തം ചെലവില്‍ പണികഴിപ്പിച്ചു. കാലങ്ങളോളം പള്ളിയുടെ ചെലവുകളും നിര്‍വഹിച്ചിരുന്നതും ആദൂര്‍ അബ്ദുല്ല ഹാജി തന്നെയാണ്. ബാങ്കോട് സി.എച്ച് മുഹമ്മദ് കോയ റോഡില്‍ പള്ളി നിര്‍മ്മിക്കാന്‍ പാട്ണര്‍മാര്‍ക്കൊപ്പം സ്ഥലം നല്‍കുകയും ചെയ്തു.
സൗമ്യമായി മാത്രമെ ആദൂര്‍ അബ്ദുല്ല ഹാജി ആരോടും സംസാരിക്കുകയുള്ളൂ. മറ്റൊരാള്‍ അറിയാത്ത തരത്തിലായിരുന്നു കാരുണ്യപ്രവര്‍ത്തനങ്ങളൊക്കെയും. തന്റെ പരിചയത്തിലുള്ളവരെയൊക്കെ തബ്‌ലീഗ് പ്രസ്ഥാനത്തിലേക്ക് സ്വാഗതം ചെയ്യുകയും അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ ആവശ്യപ്പെടുകയും ചെയ്യും. തബ്‌ലീഗ് ജമാഅത്തിന്റെ സമ്മേളനങ്ങളില്‍ ഒരു എളിയ പ്രവര്‍ത്തകനെ പോലെ എല്ലാ സേവനങ്ങളും ചെയ്ത് സജീവമായി ഉണ്ടാവും. ഒരിക്കലും ഒരിടത്തും മുന്‍നിരയിലേക്ക് കയറി വന്ന് നില്‍ക്കാന്‍ ആഗ്രഹമില്ലായിരുന്നു. താന്‍ കടന്നുവന്ന വഴികളും പ്രയാസങ്ങളുമൊക്കെ എപ്പോഴും തിരിച്ചറിഞ്ഞിരുന്നതുകൊണ്ട് സാധാരണക്കാരന്റെ പ്രയാസങ്ങള്‍ മനസിലാക്കാനും അവര്‍ക്കൊപ്പം നില്‍ക്കാനും അബ്ദുല്ല ഹാജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. വാപ്പയുടെ വഴി പിന്‍പറ്റി വന്നവരാണ് മക്കളും. ഫുട്‌ബോളിനോട് വലിയ ഇഷ്ടമായിരുന്നു. തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അടക്കം സംഘടിപ്പിക്കാറുണ്ടായിരുന്ന ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ആദ്യാവസാനം വരെ അബ്ദുല്ല ഹാജി ഉണ്ടാകും. ക്രിക്കറ്റിനോടും താല്‍പര്യമായിരുന്നു. പി.സി.സി തളങ്കരയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അബ്ദുല്ല ഹാജിയുടെ പരലോക ജീവിതം സന്തോഷകരമാവട്ടെ. ആമീന്‍.