ആഭരണം വാങ്ങുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്‍കി കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ
കേരളത്തില്‍ വെള്ളിവിലയും പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി;
ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും കനത്ത തിരിച്ചടി നല്‍കി സംസ്ഥാനത്ത് വീണ്ടും കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ചൊവ്വാഴ്ച കേരളത്തില്‍ ഗ്രാമിന് ഒറ്റയടിക്ക് വില 105 രൂപ കൂടി 9,285 രൂപയായി. പവന് 840 രൂപ ഉയര്‍ന്ന് 74,280 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ജൂണ്‍ 19നു ശേഷം ആദ്യമായാണ് ഗ്രാമിന് 9,250 രൂപയും പവന് 74,000 രൂപയും എന്ന നിരക്ക് ഭേദിക്കുന്നത്.
18 കാരറ്റ് സ്വര്‍ണവില ചില കടകളില്‍ ഗ്രാമിന് 90 രൂപ വര്‍ധിച്ച് 7,650 രൂപയായി. മറ്റു ചില കടകളില്‍ വില ഗ്രാമിന് 85 രൂപ ഉയര്‍ന്ന് 7,615 രൂപയാണ്. 14 കാരറ്റ് സ്വര്‍ണവില 70 രൂപ ഉയര്‍ന്ന് 5,935 രൂപയിലും 9 കാരറ്റ് സ്വര്‍ണവില 45 രൂപ വര്‍ധിച്ച് 3,825 രൂപയിലുമെത്തി. കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 72000 രൂപയായിരുന്നു.
നിലവിലെ ട്രെന്‍ഡ് തുടരുമെന്നും കേരളത്തില്‍ വൈകാതെ സ്വര്‍ണവില പുത്തന്‍ ഉയരം തൊടുമെന്നുമാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍. ജൂണ്‍ 14ന് രേഖപ്പെടുത്തിയ ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് റെക്കോര്‍ഡ്. ഇതു മറികടക്കാന്‍ വെറും 35 രൂപയുടെ ദൂരമേ ഗ്രാം വിലയ്ക്കുള്ളൂ; പവന് 280 രൂപയും. കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങള്‍ക്കിടെ പവന്‍വില 1,480 രൂപയും ഗ്രാം വില 185 രൂപയും ആണ് മുന്നേറിയത്.
രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 3390 ഡോളറായി. നേരത്തെ 3400 കടന്ന് കുതിച്ച ശേഷമാണ് ഇടിഞ്ഞത്. ഡോളര്‍ സൂചിക 98ന് താഴെയാണുള്ളത്. രൂപയുടെ വിനിമയ നിരക്ക് 86.29ലെത്തി. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന്റെ വില 68 ഡോളറാണ്.
കേരളത്തില്‍ ഇന്നു വെള്ളിവിലയും പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി. ചില കടകളില്‍ ഇന്നു വില ഗ്രാമിന് 2 രൂപ വര്‍ധിച്ച് 126 രൂപയായി. മറ്റു ചില കടകളില്‍ വില ഗ്രാമിന് 123 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
74,280 രൂപയാണ് ഇന്നു ഒരു പവന്റെ വില. എന്നാല്‍, ആ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല. ഇതോടൊപ്പം 3% ജി.എസ്.ടി, 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസ്, പണിക്കൂലി എന്നിവയും നല്‍കണം. പണിക്കൂലി 3 ശതമാനം മുതല്‍ 35 ശതമാനം വരെയൊക്കെയാകാം. ആഭരണത്തിന്റെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലി ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5% പണിക്കൂലി കണക്കാക്കിയാല്‍ പോലും 80,000 രൂപയ്ക്ക് മുകളിലായിരിക്കും ഒരു പവന്‍ ആഭരണത്തിന്റെ വില.