കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി
മഞ്ചേശ്വരം കയര്‍ക്കട്ടയിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന സദ്ദാമിനെയാണ് തട്ടിക്കൊണ്ടുപോയത്;
മഞ്ചേശ്വരം: കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. പൊലീസ് പിന്തുടരുന്നതറിഞ്ഞ സംഘം യുവാവിനെ കാസര്‍കോട്ടെത്തിയപ്പോള്‍ വിട്ടയച്ചു. മഞ്ചേശ്വരം കയര്‍ക്കട്ടയിലെ അബൂബക്കര്‍ സിദ്ദീഖ് എന്ന സദ്ദാമിനെയാണ് തട്ടിക്കൊണ്ടുപോയത്. ബുധനാഴ്ച വൈകിട്ട് ഗോവിന്ദ പൈ കോളേജിന് സമീപം ഒരാളോട് സിദ്ദീഖ് സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കാറിലെത്തിയ സംഘം ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു.
ഇതിന് തയ്യാറാകാതിരുന്ന സിദ്ദീഖിനെ കാറില്‍ ബലമായി പിടിച്ചു കയറ്റി കൊണ്ടുപോകുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവം ആരോ മഞ്ചേശ്വരം പൊലീസില്‍ അറിയിച്ചു. അന്വേഷണമാരംഭിച്ച പൊലീസ് കാറിന്റെ നമ്പര്‍ മനസിലാക്കിയതിന് ശേഷം ഉടമയെ വിളിക്കുകയും കാര്‍ കൈമാറിയ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
പ്രതികളെ കണ്ടെത്താന്‍ അന്വേഷണം നടത്തുന്നതിനിടെ ഇത് മനസിലാക്കിയ സംഘം സിദ്ദീഖിനെ വിദ്യാനഗര്‍ സര്‍വീസ് സ്റ്റേഷന്‍ പരിസരത്ത് വെച്ച് വിട്ടയക്കുകയായിരുന്നു. സിദ്ദീഖിന്റെ സഹോദരി നഫിസത്ത് മിസ്രിയ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.