കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മയക്കുമരുന്ന് വിതരണക്കാര്‍ക്ക് ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന പ്രധാന കണ്ണി അറസ്റ്റില്‍
പള്ളിക്കുന്ന് സ്വദേശി ഹംസ മുസമ്മില്‍ ആണ് കണ്ണൂരില്‍ വെച്ച് പിടിയിലായത്;
കാസര്‍കോട്: കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ മയക്കുമരുന്ന് വിതരണക്കാര്‍ക്ക് ബെംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ എത്തിച്ചുകൊടുക്കുന്ന യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പള്ളിക്കുന്ന് സ്വദേശി ഹംസ മുസമ്മില്‍ (22) ആണ് കണ്ണൂരില്‍ വെച്ച് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്.
2025 ഫെബ്രുവരി മാസത്തില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 75 ഗ്രാം എം.ഡി.എം.എയുമായി മിയാപ്പദവ് സ്വദേശികളായ ഹഫ്രീസ്(25), എസ്.കെ മുഹമ്മദ് സമീര്‍(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ക്ക് എം.ഡി.എം.എ എത്തിച്ചു കൊടുത്തത് ഹംസ മുസമ്മിലാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ബെംഗളൂരുവില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്ത് വന്നിരുന്ന ഇയാള്‍ ഇതിന്റെ മറവില്‍ വന്‍തോതില്‍ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നു.
ഹംസയുടെ നാല് ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് കണ്ടെത്തി പരിശോധിച്ചപ്പോള്‍ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകളാണ് ഓരോ മാസവും മയക്കുമരുന്ന് കച്ചവടത്തിനായി നടത്തിയതെന്ന് വ്യക്തമായി. ബെംഗളൂരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയയിലെ കേരളത്തിലെ പ്രധാന കണ്ണിയാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ഡി.വൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂപ് കുമാര്‍ ഇ, സബ് ഇന്‍സ്പെക്ടര്‍ രതീഷ് ഗോപി, എ. എസ്.ഐ അതുല്‍ റാം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ധനേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സന്ദീപ്, പ്രശോഭ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.