മംഗളൂരു; ജില്ലാ ജയിലിലേക്ക് പാഴ്‌സല്‍ എറിഞ്ഞു; അന്വേഷണം ആരംഭിച്ചു

Update: 2025-02-25 09:43 GMT

മംഗളൂരു; ജില്ലാ ജയിലിലേക്ക് പുറത്തുനിന്ന് പാഴ്‌സല്‍ എറിയുന്ന ദൃശ്യം പുറത്തുവന്നതോടെ അന്വേഷണം ആരംഭിച്ചു. ബാര്‍കെ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച ജയില്‍ പരിസരത്തുകൂടി യാത്ര ചെയ്ത മുന്‍ മേയര്‍ കവിത സനില്‍ ആണ് സംഭവം കണ്ടത്. തുടര്‍ന്ന് കാറിന്റെ ഡാഷ് ക്യാമറ പരിശോധിച്ചു. ബൈക്കിലെത്തിയ രണ്ട് പേര്‍ റോഡില്‍ നിന്ന് ജയില്‍ വളപ്പിലേക്ക് പാഴ്‌സല്‍ എറിയുകയായിരുന്നു. സ്‌കൂട്ടറിന് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജയില്‍ അധികൃതരെ വിഷയം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാഴ്‌സല്‍ പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണുകളും സിഗരറ്റുകളും കണ്ടെത്തി. ക്വാറന്റൈന്‍ സെക്ഷനിലെ സെല്‍ നമ്പര്‍ 9 റഫീഖ് എന്ന വിചാരണത്തടവുകാരനാണ് പാഴ്‌സല്‍ എടുത്തതെന്ന് കണ്ടെത്തി. പരിശോധനയില്‍ റഫീഖില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍, മൂന്ന് സിഗരറ്റ് പാക്കുകള്‍, ഒരു ലൈറ്റര്‍, ഒരു പ്ലാസ്റ്റിക് പാക്കറ്റ് സോയാബീന്‍, ഒരു പ്ലാസ്റ്റിക് പാക്കറ്റ് ചായപ്പൊടി എന്നിവ കണ്ടെടുത്തു. ഇത് സംബന്ധിച്ച് ബാര്‍കെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ജയില്‍ അധികൃതര്‍ അറിയിച്ചു

Similar News