ബെല്ലാരിയിലും ചിക്കബല്ലാപൂരിലും പക്ഷിപ്പനി; ദക്ഷിണ കന്നഡയില്‍ അതീവ ജാഗ്രത
മംഗളൂരു: ബെല്ലാരിയിലും ചിക്കബല്ലാപൂരിലും പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ദക്ഷിണ കന്നഡയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച് അധികാരികള്‍. മൃഗസംരക്ഷണ വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ഉദ്യോഗസ്ഥരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍കരുതല്‍ നടപടികളും നിരീക്ഷണവും ശക്തമാക്കി.ജില്ലയില്‍ ഇനി എന്തൊക്കെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കമ്മിറ്റി യോഗം ചേരും. പക്ഷിപ്പനി തടയാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ഉള്‍പ്പെടുന്ന സര്‍ക്കുലര്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലേക്കും അയച്ചതായി ദക്ഷിണ കന്നഡ ജില്ല ആരോഗ്യ കുടുംബ ക്ഷേമ ഓഫീസര്‍ ഡോ. തിമ്മയ്യ പറഞ്ഞു. പക്ഷിപ്പനി എല്ലാ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നും പൊതുജനങ്ങള്‍ ഇറച്ചി പാചകം ചെയ്യുന്ന ഘട്ടത്തില്‍ സൂക്ഷിക്കണമെന്നും അനുയോജ്യമായ രീതിയില്‍ വേവിച്ച് കഴിക്കണമെന്നും നിര്‍ദേശം നല്‍കി. കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തിമ്മയ്യ വ്യക്തമാക്കി.