തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്; മുഹമ്മദ് അസ്ഹറുദ്ദീന്‍ ബ്രാന്റ് അംബാസിഡര്‍
കാസര്‍കോട്: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ സഹകരണത്തോടെ ജാസ്മിന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള തെരുവത്ത് മെമ്മോയിര്‍സ് അഖിലേന്ത്യാ ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഏപ്രില്‍ രണ്ടാം വാരം മാന്യ കെ.സി.എ സ്റ്റേഡിയത്തില്‍ നടക്കും. 2024-25 രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മുഹമ്മദ് അസ്ഹറുദ്ദീനാണ് ടൂര്‍ണ്ണമെന്റ് ബ്രാന്റ് അംബാസിഡര്‍. കെ.എം അബ്ദുല്‍ റഹ്മാന്‍ മുഖ്യരക്ഷാധിക്കാരിയായും എന്‍.എ അബ്ദുല്‍ ഖാദര്‍ രക്ഷാധികാരിയായും ടി.എം ഇഖ്ബാല്‍ ചെയര്‍മാനായും തളങ്കര നൗഫല്‍ വര്‍ക്കിംഗ് ചെയര്‍മാനായും മുഹമ്മദ് ജാനിഷ് ടി.എ ജനറല്‍ കണ്‍വീനറായും കെ.ടി നിയാസ് കണ്‍വീനറായും ഇസ്തിഹാഖ് പൊയക്കര ട്രഷററായുമുള്ള സംഘാടക സമിതി രൂപീകരിച്ചു. കേരള, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ ടീമുകളെ കൂടാതെ ഇന്ത്യയിലെ മുന്‍നിര താരങ്ങള്‍ പങ്കെടുക്കുന്ന 32 മികച്ച ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഒരു ദിവസം 2 മത്സരങ്ങള്‍ വീതം16 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണ്ണമെന്റാണ് ആവിഷ്‌ക്കരിക്കുന്നത്.
ചാമ്പ്യന്‍സ്, റണ്ണേഴ് അപ്പ് ടീമുകള്‍ക്ക് ട്രോഫിക്ക് പുറമെ രണ്ട് ലക്ഷം, ഒരു ലക്ഷം ക്യാഷ് പ്രൈസും എല്ലാ മത്സരങ്ങളിലും പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍ക്ക് 2500 രൂപ ക്യാഷ് പ്രൈസും കൂടാതെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണ്ണമെന്റ്, മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍, മികച്ച വിക്കറ്റ് കീപ്പര്‍, മികച്ച ഫീല്‍ഡര്‍, എമര്‍ജിംഗ് പ്ലെയര്‍ എന്നിവര്‍ക്കും 10,000 രൂപ വീതം ക്യാഷ് അവാര്‍ഡും നല്‍കും. കേരളത്തിലെ മികച്ച ടി-20 ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളില്‍ ഒന്നാണ് കാസര്‍കോട്ട് നടക്കാന്‍ പോകുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.