കെ.എസ്.ടി.പി റോഡില്‍ ചെമ്മനാട് ഭാഗത്ത് വന്‍കുഴികള്‍; യാത്രക്കാര്‍ അപകടഭീഷണിയില്‍
പൊട്ടിപ്പൊളിഞ്ഞ കെ.എസ്.ടി.പി. റോഡ്
കാസര്‍കോട്: കെ.എസ്.ടി.പി റോഡില്‍ ചെമ്മനാട് ഭാഗത്ത് വന്‍കുഴികള്‍. ഇതോടെ യാത്രക്കാര്‍ അപകടഭീഷണിലായി. ചന്ദ്രഗിരി പാലം ആരംഭിക്കുന്നത് മുതല്‍ ദേളി വരെയുള്ള റോഡുകളിലെ ടാറുകള്‍ ഇളകിയും റോഡ് തകര്‍ന്നുമാണ് ചെറുതും വലുതുമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത്.
ചെമ്മനാട് പാലത്തില്‍ തന്നെ നിരവധി കുഴികളുണ്ട്. ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി മാറി. വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ട് വലിയ അപകടങ്ങള്‍ തുടര്‍ക്കഥയായതും ഒരു കോളേജ് വിദ്യാര്‍ത്ഥിനി ബൈക്ക് കുഴിയില്‍ മറിഞ്ഞ് മരണപ്പെട്ടതും ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു. ഇതേ തുടര്‍ന്ന് അധികൃതര്‍ അടിയന്തരമായി ഇടപെട്ട് കുഴികള്‍ നികത്തിയിരുന്നുവെങ്കിലും പ്രവൃത്തിയിലെ അപാകതകള്‍ കാരണം വീണ്ടും റോഡില്‍ കുഴികള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. മൂന്നു ദിവസം മുമ്പാണ് കുഴിയില്‍ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ച് വീണ ഗള്‍ഫുകാരനായ യുവാവ് ലോറി കയറി ദാരുണമായി മരണപ്പെട്ടത്. ദിവസേന നൂറുക്കണക്കിന് വാഹനങ്ങള്‍ ചീറിപ്പായുന്ന കെ.എസ്.ടി.പി റൂട്ടിലാണ് അധികൃതരുടെ പിടിപ്പുകേട് കാരണം അപകടങ്ങള്‍ വര്‍ധിക്കുന്നത്. റോഡിലെ കുഴി അടച്ചില്ലെങ്കില്‍ ഇതുവഴി റോഡ് മാര്‍ഗം തടസപ്പെടുത്തി പ്രതിഷേധ സമരം നടത്താനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.