പാലക്കാടന്‍ കോട്ട കാത്ത് യു.ഡി.എഫ് ; കന്നിയങ്കത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുംജയം

Update: 2024-11-23 09:36 GMT

പാലക്കാടന്‍ കാറ്റ് ഇത്തവണയും മാറി വീശിയില്ല. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സീറ്റില്‍ കന്നിയങ്കത്തില്‍ താരമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാടന്‍ കോട്ട കീഴടക്കാനുള്ള എല്‍.ഡി.എഫിന്റെയും എന്‍.ഡി.എയുടെയും ശ്രമങ്ങള്‍ വിഫലമായി. 18,840 എന്ന കൃത്യമായ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയരഥത്തിലേറി. 58,389 വോട്ടുകളാണ് രാഹുല്‍ നേടിയത്. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സി. കൃഷ്ണ കുമാര്‍ ആദ്യ റൗണ്ടുകളില്‍ യു.ഡി.എഫിന്റെ ചങ്കിടിപ്പ് കൂട്ടിയെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളുകയായിരുന്നു. 39,549 വോട്ടുകളാണ് സി.കൃഷ്ണ കുമാറിന് ലഭിച്ചത്.കോണ്‍ഗ്രസ് വിട്ട് വന്ന് ഇടത് പക്ഷ സ്ഥാനാര്‍ഥിയായ ഡോ. പി സരിന്‍ ഒരു ഘട്ടത്തില്‍ പോലും ലീഡ് നിലയില്‍ മുന്നിലെത്തിയില്ല. 37293 വോട്ടുകള്‍ മാത്രമാണ് സരിന്‍ നേടിയത്.

2021ലെ തിരഞ്ഞെടുപ്പില്‍ ഫോട്ടോ ഫിനിഷിലൂടെയായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വിജയം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന ഇ.ശ്രീധരന്‍ ഒടുക്കം വരെ വിജയസൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ 3859 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഷാഫി പറമ്പില്‍ വിജയം ഉറപ്പിക്കുകയായിരുന്നു.


രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്തം, കോണ്‍ഗ്രസ് വിട്ട് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ഉദയം ചെയ്ത ഡോ. പി സരിന്‍, ബി.ജെ.പി സംസ്ഥാന സമിതി അംഗമായിരുന്ന സന്ദീപ് വാര്യരുടെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം , ബി.ജെ.പിക്കുള്ളിലെ പടലപ്പിണക്കം എല്ലാം കൊണ്ടും ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് ഏറെ ചര്‍ച്ചയായതും രാഷ്ട്രീയ കേരളം ഉറ്റുനോക്കിയതുമായ മണ്ഡലമായിരുന്നു പാലക്കാട്.

Similar News