തിരുവനന്തപുരം: 50 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ കിഫ്ബി പദ്ധതി പ്രകാരം നിര്‍മ്മിച്ച റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതുസംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭയുടെ അനുമതി ലഭിച്ചു. വായ്പ എടുക്കുന്നതിലെ പ്രതിസന്ധി മറികടക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന്റെ പൊതുകടത്തില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വായ്പയെടുത്ത് പശ്ചാത്തല സൗകര്യങ്ങളൊരുക്കാനുള്ള കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്. വായ്പ പരിധി വെട്ടിക്കുറച്ചതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ദേശീയ ഹൈവേ അതോററ്റി ടോള്‍ പിരിക്കുന്ന മാതൃകയിലാണ് കിഫ്ബിയും ടോള്‍ പിരിക്കാനൊങ്ങുന്നത്.
കിഫ്ബി റോഡുകളില്‍ യാത്ര ചെയ്യുന്ന ദൂരത്തിന് അനുസരിച്ച് ഓരോ ബൂത്തിലും ടോള്‍ നല്‍കണം. തദ്ദേശവാസികള്‍ക്ക് ടോള്‍ ഉണ്ടാകില്ല. ടോള്‍ പിരിക്കാനായി നിയമ നിര്‍മ്മാണത്തിന് മന്ത്രിസഭാ തീരുമാനിച്ചെങ്കിലും ഇക്കാര്യം പുറത്തുവന്നിരുന്നില്ല.
ടോളില്ലാതെ മുന്നോട്ടുപോകാനാകില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കിഫ്ബി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇന്ധന സെസും മോട്ടര്‍ വാഹന നികുതിയുടെ പകുതിയുമാണ് ഇപ്പോള്‍ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്.