14 മണിക്കൂര്‍ കൊടുംകാട്ടില്‍ ഇരുട്ടില്‍.. ഒടുവില്‍ ആശ്വാസത്തിന്റെ നെടുവീര്‍പ്പ്

പശുവിനെ പരതി കാട്ടിലകപ്പെട്ട മൂവരെയും രക്ഷപ്പെടുത്തി

Update: 2024-11-29 08:00 GMT

കോതമംഗലം; പശുവിനെ പരതി കോതമംഗലം കുട്ടമ്പുഴയില്‍ കൊടുംകാട്ടില്‍ അകപ്പെട്ട് രക്ഷപ്പെട്ട ഡാര്‍ളിയും പാറുക്കുട്ടിയും മായയും കാടിനെ കുറിച്ച് അറിയാത്തവരല്ല. പക്ഷെ കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷതേടാന്‍ പ്രാണ രക്ഷാര്‍ത്ഥം ഓടിയത് മാത്രമേ അവര്‍ക്ക് ഓര്‍മയുള്ളൂ. പിന്നെ എത്തിപ്പെട്ടത് ഉള്‍ക്കാട്ടില്‍. കൈയ്യിലുണ്ടായിരുന്ന ഫോണിലെ ചാര്‍ജ് തീരുന്നതിന് മുമ്പ് കാട്ടിലകപ്പെട്ട വിവരം വീട്ടിലറിയിച്ചു. രാത്രി മുഴുവന്‍ മൂവരും തങ്ങിയത് പാറയുടെ മുകളിലാണ്. ആനക്കൂട്ടം മണിക്കൂറുകളോളം ചുറ്റും ഉണ്ടായിരുന്നെന്നും ഏറെ പേടിച്ചെന്നും കൂട്ടത്തിലെ പാറുക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ഉള്‍ക്കാട്ടില്‍ ആറ് കിലോമിറ്റര്‍ അകലെ അറക്കമുത്തി ഭാഗത്താണ് മൂവരെയും കണ്ടെത്തിയത്. ഇവിടേക്ക് വാഹനത്തിന് എത്താനാവാത്തതിനാല്‍ കാല്‍നടയായാണ് പുറത്തേക്ക് എത്തിച്ചത്. രാത്രിയില്‍ തിരച്ചിലിന് വന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നായാട്ട് സംഘമാണെന്നാണ് കരുതിയത്. അതിനാലാണ് ശബ്ദമുണ്ടാക്കാതെ കഴിഞ്ഞതെന്നും പാറുക്കുട്ടി പറഞ്ഞു. പശുവിനെ പരതിപോയപ്പോഴാണ് ആനയുടെ മുന്നില്‍ പെട്ടത്. ജീവന്‍ രക്ഷിക്കാന്‍ വേറെ വഴി തേടിയപ്പോഴാണ് കാട്ടില്‍ അകപ്പെട്ടതെന്നും ഡാര്‍ളിയും മായയും പറഞ്ഞു.

14 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ചയാണ് പശുവിനെ കാണാതായത്. വ്യാഴാഴ്ച പശുവിനെ പരതാന്‍ ഇറങ്ങുകയായിരുന്നു. വൈകീട്ടോടെ കാണാതായവര്‍ വീട്ടിലേക്ക് വിളിച്ചു. കാട്ടിലകപ്പെട്ടുവെന്നും ഫോണ്‍ സ്വിച്ച് ഓഫ് ആവാറായെന്നും വിവരം നല്‍കുകയായിരുന്നു. വനംവകുപ്പിനൊപ്പം നാട്ടുകാരും പൊലീസും തിരച്ചിലിന് നേതൃത്വം നല്‍കി.

Similar News