കഞ്ചാവുമായി കാസർകോട് സ്വദേശികളായ മൂന്നുപേർ കോഴിക്കോട്ട് പിടിയിൽ
ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കാസർകോട്ടെത്തിച്ച് പല സ്ഥലങ്ങളിലേക്ക് വിതരണംചെയ്യുന്ന സംഘമാണ് പിടിയിലായത്;
കോഴിക്കോട്: നഗരത്തിൽ വിൽപ്പനക്ക് കൊണ്ട് വരികയായിരുന്ന കഞ്ചാവുമായി കാസർകോട് സ്വദേശികളായ മൂന്നുപേർ കോഴിക്കോട്ട് പിടിയിൽ. മലാപ്പറമ്പ് ജങ്‌ഷനിൽ വെച്ച് വാഹനപരിശോധനക്കിടെയാണ് സീറ്റിനടിയിൽ ഒളിപ്പിച്ച 20.465 കിലോ കഞ്ചാവ് കണ്ടെത്തിയത്. ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസിൽ ജി.സി. ശ്രീജിത്ത് (30), ഉള്ളോടി ഹൗസിൽ കെ. കൃതി ഗുരു (32), ഫാത്തിമ മൻസിലിൽ മുഹമ്മദ് അഷ്റഫ് (37) എന്നിവരെയാണ് ചേവായൂർ എസ്ഐ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസിന്‍റെയും കോഴിക്കോട് സിറ്റി നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമിന്റെയും നേതൃത്വത്തിൽ പിടി കൂട്ടിയത് . ശ്രീജിത്ത് നേരത്തെയും കഞ്ചാവ് കേസിൽ പ്രതിയായിരുന്നു. ആന്ധ്രയിൽ നിന്ന് വൻതോതിൽ കഞ്ചാവ് കാസർകോട്ടെത്തിച്ച് പല സ്ഥലങ്ങളിലേക്ക് വിതരണംചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കാറ്ററിങ് ജോലിയുടെ മറവിലാണ് ശ്രീജിത്ത് ലഹരിവിൽപ്പന നടത്തിയിരുന്നത്.