പ്ലാറ്റ്‌ഫോം ഉണ്ടാക്കിയത് അഞ്ച് മിനിട്ട് ചടങ്ങിന്; സ്‌റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെ: ഗുരുതര വീഴ്ച അന്വേഷിക്കും

Update: 2024-12-30 07:06 GMT

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉമാ തോമസ് എം.എല്‍.എ വീഴാനിടയായ സംഭവത്തില്‍ സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച അന്വേഷിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. സ്റ്റേഡിയത്തില്‍ ജി.സി.ഡി.എ എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തി. സ്‌റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയാണെന്ന്  എഞ്ചിനീയര്‍മാര്‍ പറഞ്ഞു. വിളക്ക് കൊളുത്താന്‍ മാത്രമാണ് സ്റ്റേജ് നിര്‍മിക്കുന്നതെന്നാണ് സംഘാടകര്‍ പറഞ്ഞത്. അഞ്ച് മിനിട്ട് ചടങ്ങിന് വേണ്ടിയുണ്ടാക്കിയ പ്ലാറ്റ്‌ഫോമില്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായില്ലെന്നും എഞ്ചിനീയര്‍മാര്‍ പരിശോധനയില്‍ കണ്ടെത്തി. വിഷയത്തില്‍ ജി.സി.ഡി.എ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു.

അതിനിടെ ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി.ഉമ തോമസ് വെന്റിലേറ്ററില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സി.ടി സ്‌കാനില്‍ തലയ്ക്ക് ഗുരുതര പരിക്കില്ലെന്ന് കണ്ടെത്തി. ആന്തരിക രക്തസ്രാവമില്ല. ശ്വാസ കോശ ചതവ് കൂടിയതിനാല്‍ വെന്റിലേറ്ററില്‍ തന്നെ തുടരും.

Similar News