SAJI CHERIYAN | നമ്മുടെ നാട്ടിലെ ജനങ്ങള്‍ കാണേണ്ട സിനിമ, കേരളത്തില്‍ ഇറങ്ങിയതില്‍ വച്ച് വ്യത്യസ്തം; കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കണമെന്നും സജി ചെറിയാന്‍
പൃഥ്വിരാജ്- മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ റിലീസ് ചെയ്ത ദിവസം തന്നെ വിവാദവും ഉടലെടുത്തിരുന്നു. നാള്‍ക്കുനാള്‍ ഇതിന്റെ ശക്തി കൂടി വരികയാണ്. വിവാദമായെങ്കിലും ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിക്കുന്നത്. നല്ല കലക്ഷനും നേടുന്നുണ്ട്. ചിത്രത്തിന് മുഴുവന്‍ സപ്പോര്‍ട്ടുമായി ഒരു വിഭാഗം മുന്നോട്ട് വരുമ്പോള്‍ മറു വിഭാഗം എതിര്‍പ്പുമായി രംഗത്തുവരികയാണ്.
കഴിഞ്ഞദിവസം ചിത്രം കണ്ടിറങ്ങിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമയെ പിന്തുണച്ച് സംസാരിച്ചിരുന്നു. ഇപ്പോഴിതാ ഫിഷറീസ് മന്ത്രി സജി ചെറിയാനും സിനിമയെ അനുകൂലിച്ച് രംഗത്തിറങ്ങിയിരിക്കയാണ്. കേരളത്തില്‍ ഇറങ്ങിയതില്‍ വച്ച് വ്യത്യസ്തമായ സിനിമയാണ് എമ്പുരാന്‍ എന്നാണ് മന്ത്രിയുടെ അഭിപ്രായം.
ലോക സിനിമയോട് കിടപിടിക്കുന്ന സിനിമയില്‍ സാമൂഹികമായ പല പ്രശ്നങ്ങളും പ്രതിഫലിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ ജനങ്ങള്‍ കാണേണ്ട സിനിമയാണ്. സിനിമയാകുമ്പോള്‍ സാമൂഹിക പ്രശ്നങ്ങള്‍ പലതും ഉന്നയിക്കും. എന്നാല്‍ കലാരൂപത്തെ കലാരൂപമായി കണ്ട് ആസ്വദിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു. നേരത്തെ സിനിമ കണ്ട കാര്യം അദ്ദേഹം ഫേസ് ബുക്കിലൂടെ അറിയിച്ചിരുന്നു.
നമ്മളെല്ലാവരും ഒന്നാണ്, ഇന്ത്യക്കാരാണ് എന്നതാണ് സിനിമയുടെ ആശയം. അതില്‍ കത്തിവയ്‌ക്കേണ്ടതില്ല. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കത്തിവയ്പ്പാണ് റീ സെന്‍സറിങ്. ഇതിനു മുന്‍പ് ഇതിനേക്കാള്‍ ശക്തമായ പ്രമേയങ്ങള്‍ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
തെറ്റിദ്ധാരണയുണ്ടാക്കി ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ല. എല്ലാവരും സിനിമ കാണണം. വര്‍ഗീയത അപകടമാണ്. വര്‍ഗീയതയ്ക്കെതിരായ ആശയ പ്രചാരണം നടത്താന്‍ എമ്പുരാന്‍ ടീം മുന്നോട്ട് വന്നതിനെ അഭിനന്ദിക്കുന്നു. മോഹന്‍ലാലിന്റെ ഖേദപ്രകടനം അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.