സി.പി.എമ്മിനെ ഇനി എം.എ ബേബി നയിക്കും; ഇ.എം.എസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി

എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത് വോട്ടെടുപ്പില്ലാതെ;

Update: 2025-04-06 05:37 GMT


മധുര: സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബിയെ തിരിഞ്ഞെടുത്തു. ഇഎംഎസിനുശേഷം ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ മലയാളിയാണ് എം.എ ബേബി. ഇന്ന് രാവിലെ ചേര്‍ന്ന പിബി യോഗത്തിലാണ് എംഎ ബേബിയുടെ പേര് അന്തിമമായി അംഗീകരിച്ചത്. എന്നാല്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എം.എ ബേബിയുടെ പേര് അംഗീകരിച്ചശേഷമായിരിക്കും ഔദ്യോഗികമായി പ്രഖ്യാപിക്കുക.

വോട്ടെടുപ്പില്ലാതെയാണ് പിബി എം.എ.ബേബിയെ നേതൃസ്ഥാനത്തേക്ക് അംഗീകരിച്ചത്. നേരത്തേ ബേബിയെ എതിര്‍ത്ത ബംഗാള്‍ ഘടകം പിന്നീട് പിന്മാറിയിരുന്നു. ബേബിയുടെ മാത്രം പേരാണ് പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. ബംഗാളില്‍ നിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോല്‍പല്‍ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയില്‍ നിന്നുള്ള അശോക് ധാവ് ളെ എന്നിവരാണ് ബേബിയെ ജനറല്‍ സെക്രട്ടറിയാക്കുന്നതിനെ എതിര്‍ത്തത്.

മറിയം ധാവ് ളെ, ജിതേന്‍ ചൗധരി, അംറാ റാം, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയില്‍ തുടരും. പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയില്‍ തുടരുന്നതിനും തീരുമാനമായെന്നാണ് സൂചന.

പിബിയില്‍ നിന്ന് വിരമിക്കുന്നവരില്‍ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയവരില്‍ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും. തമിഴ് നാട്ടില്‍ നിന്ന് പിബിയില്‍ ആരുമുണ്ടാവില്ല. കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് മുഹമ്മദ് റിയാസിനെ മാത്രമായിരിക്കും പുതുതായി ഉള്‍പ്പെടുത്തുകയെന്നാണ് വിവരം.

പാര്‍ട്ടിയുടെ സാംസ്‌കാരിക ദാര്‍ശനിക മുഖമാണ് എം.എ ബേബി. കൊല്ലം എസ്.എന്‍ കോളജില്‍ നിന്ന് തുടങ്ങിയ സംഘടനാ പ്രവര്‍ത്തനം ഇന്ന് അദ്ദേഹത്തെ ഇന്ത്യയിലെ മാര്‍ക് സിസ്റ്റ് പാര്‍ട്ടിയുടെ അമരക്കാരന്‍ ആക്കിയിരിക്കുകയാണ്. സീതാറാം യെച്ചൂരിയുടെ പിന്‍ഗാമിയായിട്ടാണ് എം.എ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്.

സിപിഎം ജനറല്‍ സെക്രട്ടറിയായി എം.എ ബേബിയെ പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുണ്ടെങ്കിലും രാവിലെ സമ്മേളന നഗരിയിലേക്ക് പുറപ്പെടാനിറങ്ങിയ എം.എ ബേബിയെ അഭിനന്ദിക്കാനും ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും പാര്‍ട്ടി പ്രവര്‍ത്തകരെത്തിയിരുന്നു. അതേസമയം, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുറിച്ച് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഉത്തരവാദപ്പെട്ട വ്യക്തികള്‍ പറയുമെന്നാണ് എം.എ ബേബിയുടെ പ്രതികരണം.

Similar News