കണ്ണൂര്‍ സര്‍വകലാശാലയുടെ ചോദ്യ പേപ്പര്‍ വാട് സ് ആപ്പ് വഴി ചോര്‍ത്തിയ സംഭവം; സ്വകാര്യ കോളേജിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി

സര്‍വകലാശാല ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിലും പരാതി നല്‍കിയിരുന്നു;

Update: 2025-04-19 04:33 GMT

ഉദുമ: കണ്ണൂര്‍ സര്‍വകലാശാലയുടെ ചോദ്യപേപ്പര്‍ വാട് സ് ആപ്പ് വഴി ചോര്‍ത്തിയെന്ന പരാതിയില്‍ സ്വകാര്യ കോളേജിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പാലക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ വുഡ് കോളേജിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്.

കണ്ണൂര്‍ സര്‍വകലാശാല ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്കും ബേക്കല്‍ പൊലീസിലും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. കണ്ണൂര്‍ സര്‍വകലാശാല ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് വാട് സ് ആപ്പ് വഴി ചോര്‍ത്തിയത്.

ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തുവന്നതോടെ കോളേജിലെ പരീക്ഷാകേന്ദ്രം സര്‍വകലാശാല മാറ്റിയിരിക്കുകയാണ്. ഏപ്രില്‍ രണ്ടിന് സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചതായി വൈസ് ചാന്‍സലര്‍ പറഞ്ഞു.

മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷകള്‍ നടന്നത്. പ്രാഥമികാന്വേഷണം നടത്തിയ ശേഷം മാത്രമേ കേസെടുക്കൂവെന്ന് പൊലീസ് പറഞ്ഞു. കോളേജ് അധികൃതരെയും അധ്യാപകരെയും പൊലീസ് ചോദ്യം ചെയ്യും. മുന്‍ദിവസങ്ങളിലെ ചോദ്യപേപ്പറുകളും വാട് സ് ആപ്പില്‍ പങ്കുവെച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

Similar News