എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളുടെ മരണം; കണ്ണീര്‍വാര്‍ത്ത് സഹപാഠികളും അധ്യാപകരും

അപകട കാരണം പലത്..;

Update: 2024-12-03 11:20 GMT

ആലപ്പുഴ: കളര്‍കോട്ട് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് മരിച്ച 5 എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളുടെയും മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ക്യാമ്പസിലെത്തിച്ചു. സെന്‍ട്രല്‍ ലൈബ്രറി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങളില്‍ അധ്യാപകരും സഹപാഠികളും കണ്ണീരോടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മൃതദേഹങ്ങള്‍ ക്യാമ്പസിലെത്തിച്ചത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. ലക്ഷദ്വീപിലെ വിദ്യാര്‍ത്ഥിയുടെ കബറടക്കം എറണാകുളത്ത് നടത്താന്‍ തീരുമാനിച്ചു. മന്ത്രിമാരായ വീണ ജോര്‍ജ്, സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.തിങ്കളാഴ്ച വൈകീട്ടാണ് ദാരുണമായ അപകടമുണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സന്‍, മലപ്പുറം കോട്ടക്കല്‍ സ്വദേശി ദേവനന്ദന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്.

അപകട കാരണം പലത്..

അപകടത്തിന് കാരണമായത് കനത്ത മഴയില്‍ ഡ്രൈവറുടെ കാഴ്ച മങ്ങിയതൊന്നണ് നിഗമനം. ഓവര്‍ലോഡ്, വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്ന് ആര്‍.ടി.ഒ പറഞ്ഞു. ഓവര്‍ടേക്ക് ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. കൂടുതല്‍ പേര്‍ വാഹനത്തിലുണ്ടായിരുന്നത് അപകടത്തിന്റെ ആഘാതം വര്‍ധിക്കുന്നതിന് കാരണമായി. ഇടിയുടെ ആഘാതം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനത്തിലേക്ക് വന്നു. കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റിലേക്ക് കാര്‍ വന്ന് ഇടിച്ചാണ് അപകടമുണ്ടായത്.പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം തെന്നിമാറാതെ ചെരിഞ്ഞുപോയി ഇടിക്കുകയായിരുന്നു. മഴ പെയ്തതും വാഹനം തെന്നിമാറാനുള്ള പ്രധാന കാരണമായി. വണ്ടി ആരുടെതാണെന്നും എന്തിനാണ് ഇവര്‍ എടുത്തതെന്നും ഇവരുമായുള്ള ബന്ധവും മറ്റുമുള്ള കാര്യങ്ങളും അന്വേഷിക്കേണ്ടതാണെന്നും ആര്‍.ടി.ഒ വ്യക്തമാക്കി.14 വര്‍ഷം പഴക്കമുള്ള വാഹനമായതിനാല്‍ ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റം ഈ വാഹനത്തിലില്ല. അതിനാല്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വീല്‍ ലോക്കായി. അപകടത്തിന്റെ ദൃശ്യങ്ങള്‍ കൃത്യമായി പരിശോധിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു അപകടം. സിനിമ കാണാന്‍ ആലപ്പുഴയിലേക്ക് പോവുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍. കാറില്‍ 11 പേരുണ്ടായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. മറ്റു ആറു പേര്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നിലഗുരുതരമാണ്.വിദ്യാര്‍ഥികളുടെ ചികിത്സക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

Similar News