EMPURAAN | എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തളളി ഹൈക്കോടതി

Update: 2025-04-01 11:43 GMT

കൊച്ചി: എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം അടിയന്തരമായി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തളളി ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്ന് ചോദിച്ച സിംഗിള്‍ ബെഞ്ച് പ്രശസ്തിക്കുവേണ്ടിയുളള ഹര്‍ജിയാണോ ഇതെന്ന സംശയവും ഉന്നയിച്ചു.

ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി.വി. വിജീഷ് ആണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

കേന്ദ്രസര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ നിര്‍ദേശിച്ച കോടതി എതിര്‍കക്ഷികളായ മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നടപടികളില്‍ നിന്ന് തല്‍ക്കാലം ഒഴിവാക്കിയിട്ടുണ്ട്.

ഈ സിനിമയുടെ പേരില്‍ കേരളത്തിലെങ്ങും കേസ് എടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ പ്രശസ്തിക്കുവേണ്ടിയുളള ഹര്‍ജിയാണോ ഇതെന്ന് സംശയമുന്നയിച്ച കോടതി കേസ് വിശദമായ വാദത്തിന് മാറ്റുകയായിരുന്നു.

ലോകത്ത് എവിടെയും സിനിമയുടെ പേരില്‍ കേസ് എടുക്കേണ്ടി വന്നിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഹര്‍ജിക്ക് പിന്നില്‍ പ്രശസ്തിയാണെന്നും ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്.

ഹര്‍ജിക്കാരന്‍ സിനിമ കണ്ടോയെന്നും കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സിനിമ അംഗീകരിച്ചതല്ലേയെന്നും പിന്നെയെന്താണ് ആശയക്കുഴപ്പമെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. പൊലീസ് എന്തെങ്കിലും കേസ് എടുത്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചപ്പോള്‍ ഇല്ലെന്ന് ഹര്‍ജിക്കാരന്‍ മറുപടിയും നല്‍കി. തുടര്‍ന്നാണ് പ്രശസ്തിക്കുവേണ്ടിയാണോ ഹര്‍ജി എന്ന് കോടതി ചോദിച്ചത്. പ്രശസ്തിക്കപ്പുറം മറ്റൊന്നും ഹര്‍ജിക്ക് പിന്നില്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു.

Similar News