ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയത് കൂടുതല്‍ തുക ചോദിച്ചതോടെയെന്ന് പ്രതി ജോര്‍ജിന്റെ മൊഴി
ഭാര്യ മകളുടെ വീട്ടിലായിരുന്ന സമയത്താണ് ജോര്‍ജ് ലൈംഗിക തൊഴിലാളിയുമായി എത്തുന്നതും കൊലപാതകം നടത്തുന്നതും;
കൊച്ചി: കോന്തുരുത്തി പള്ളിക്ക് സമീപത്ത് വീട്ടുവളപ്പില്‍ ചാക്കില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മകളുടെ കുഞ്ഞിന്റെ പിറന്നാളായതിനാല്‍ ജോര്‍ജിന്റെ ഭാര്യ മകളുടെ വീട്ടിലായിരുന്നു. പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ജോര്‍ജും അവിടേക്ക് പോകാനിരിക്കുകയായിരുന്നു. അതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍ നടന്നത്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ തുക ചോദിച്ചതോടെയാണ് താന്‍ ലൈംഗികതൊഴിലാളിയായ സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് തേവര കോന്തുരുത്തി കൊടിയന്തറ കെ.കെ.ജോര്‍ജ് നല്‍കിയ മൊഴി. തനിക്കൊപ്പം വന്ന സ്ത്രീ 12 മണിയോടെ തിരിച്ചു പോകുമ്പോള്‍ പറഞ്ഞുറപ്പിച്ച തുക നല്‍കി, എന്നാല്‍ കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ വഴക്കുണ്ടാവുകയും ഇതോടെ കൈയില്‍ കിട്ടിയ ഇരുമ്പുവടിയെടുത്ത് സ്ത്രീയുടെ തലയ്ക്ക് അടിക്കുകയായിരുന്നു എന്നുമാണ് ജോര്‍ജ് പൊലീസിനോട് പറഞ്ഞത്.
ഈ സമയം ജോര്‍ജ് മദ്യലഹരിയിലായിരുന്നു. മണിക്കൂറുകള്‍ക്കു ശേഷമാണ് മൃതദേഹം ഒളിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കുന്നതിനായി ചാക്ക് തേടി സമീപത്തെ ചായക്കടയില്‍ ചെന്നു. 14 രൂപയ്ക്ക് 2 ചാക്കുകള്‍ വാങ്ങുകയും വീട്ടിലെത്തി മൃതദേഹം അതില്‍ ഇടുകയുമായിരുന്നു.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് ജോര്‍ജ് പാലക്കാട് സ്വദേശിനിയായ സ്ത്രീയോടൊപ്പം ഓട്ടോറിക്ഷയില്‍ വീട്ടിലെത്തുന്നത്. അപ്പവും ചിക്കന്‍ കറിയും പാഴ്‌സല്‍ വാങ്ങിയിരുന്നു. സൗത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് തുക പറഞ്ഞുറപ്പിച്ചാണ് സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് രാത്രി 12 മണിയോടെയാണ് ജോര്‍ജ് സ്ത്രീയുടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. തുടര്‍ന്ന് തലയുടെ ഭാഗം ചാക്കുകൊണ്ട് മൂടി കാലില്‍ പിടിച്ചുവലിച്ച് ഇടവഴിയില്‍ കൊണ്ടിട്ടു. ഒരു ഫ് ളാറ്റിന്റേയും ഹോസ്റ്റലിന്റേയും ഇടയ്ക്ക് കഷ്ടിച്ച് ഒരു ബൈക്കിന് കടന്നുപോകാവുന്ന 20 മീറ്റര്‍ വരുന്ന വഴിയാണ് ജോര്‍ജിന്റെ വീട്ടിലേക്കുള്ളത്. ഇതിന്റെ പകുതി ദൂരം വരെ ഇയാള്‍ മൃതദേഹം വലിച്ചിഴച്ചു കൊണ്ടുവന്നിരുന്നു. ഇതോടെ തളര്‍ന്നുപോയ ജോര്‍ജ് അവിടെ കിടന്ന് ഉറങ്ങിപ്പോയി.
രാവിലെ ആറരയോടെ ഹരിതകര്‍മ സേനാംഗമായ കുമ്പളങ്ങി സ്വദേശി കെ.ജെ.മണി ഇവിടെ എത്തുമ്പോള്‍ ജോര്‍ജ് മൃതദേഹത്തിനടുത്ത് ഇരിക്കുന്ന നിലയിലാണ് കാണുന്നത്. ആരോ കിടക്കുന്നത് കണ്ട് ജോര്‍ജിന്റെ ഭാര്യയാണെന്നാണ് മണി ആദ്യം കരുതിയത്. മുഖം മറച്ചിരുന്നതുകൊണ്ട് ആളെ മനസിലായില്ല. ഇതിനിടെ തന്നെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ജോര്‍ജ് മണിയോട് ആവശ്യപ്പെട്ടു. കൂടെയുള്ള ആള്‍ ആരാണെന്ന് അറിയില്ലെന്നും ആരോ ഇവിടെ കൊണ്ടിട്ടു പോയതാണെന്നും ജോര്‍ജ് പറഞ്ഞു. ഇതോടെ മണി അയല്‍വീട്ടിലെ സ്ത്രീയെക്കൂടി വിവരമറിയിച്ചു. തുടര്‍ന്ന് കൗണ്‍സിലറെ വിവരം ധരിപ്പിക്കുകയും അവര്‍ പൊലീസിനെ വിളിക്കുകയുമായിരുന്നു.
കടുത്ത മദ്യപാനിയാണ് ജോര്‍ജെന്നും മദ്യപിച്ചു കഴിഞ്ഞാല്‍ സ്വഭാവം മാറുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട് മുമ്പ് ചില സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്.