കണക്കുകൂട്ടലുകള്‍ മാറി മറിയുമോ ? ഉപതിരഞ്ഞെടുപ്പ് ഫലം നാളെ; നെഞ്ചിടിപ്പോടെ മുന്നണികള്‍
വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും.
ചേലക്കര, പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെയും വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലപ്രഖ്യാപനം നാളെ. അനുകൂല വിധിയായിരിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 10 മണിയോടെ ആര് വിജയിക്കുമെന്ന ചിത്രം തെളിയും. ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് പകരം പ്രിയങ്കാ ഗാന്ധി എം.പിയായി വരുമോ എന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയും എന്‍.ഡി.എ സ്ഥാനാര്‍ഥി നവ്യഹരിദാസും പ്രതീക്ഷ കൈവിടുന്നില്ല. ഇത്തവണ 64.27 ശതമാനം പോളിങ്ങാണ് വയനാട്ടില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞതവണ ഇത് 73.57 ശതമാനമായിരുന്നു. യു.ഡി.എഫ് ഭൂരിപക്ഷം കുറയുമെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫും എന്‍.ഡി.എയും. ചേലക്കര മണ്ഡലത്തില്‍ സീറ്റ് നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. എന്നാല്‍ ഭരണവിരുദ്ധ വികാരം വോട്ടിലൂടെ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫും എന്‍.ഡി.എയും.ചേലക്കരയില്‍ ഇത്തവണ 72.29 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. എല്‍.ഡി.എഫിനായി യു.ആര്‍ പ്രദീപും യു.ഡി.എഫിനായി രമ്യ ഹരിദാസും എന്‍.ഡി.എയ്ക്കായി കെ ബാലകൃഷ്ണനും കളത്തിലിറങ്ങി. പാലക്കാട് നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫിനായി പി സരിനും യു.ഡി.എഫിനായി രാഹുല്‍ മാങ്കൂട്ടത്തിലും എന്‍.ഡി.എയ്ക്കു വേണ്ടി സി കൃഷ്ണകുമാറുമായിരുന്നു സ്ഥാനാര്‍ഥികളായി മത്സരരംഗത്തുണ്ടായിരുന്നത്. രാഷ്ട്രീയ സംവാദങ്ങള്‍ ഏറെ ചൂടുപിടിച്ച മണ്ഡലത്തില്‍ മൂന്ന് മുന്നണികളും ഒരു പോലെ ആത്മവിശ്വാസത്തിലാണ്. 73.71 ശതമാനം പോളിങ്ങാണ് പാലക്കാട് രേഖപ്പെടുത്തിയത്.