സ്‌കൂട്ടറില്‍ എം.ഡി.എം.എ കടത്തിയ കേസില്‍ യുവാവിന് രണ്ടുവര്‍ഷം കഠിനതടവും പിഴയും

ചെറുവത്തൂര്‍ മയിലാട്ടിക്കുന്നില്‍ എം.കെ മുഹമ്മദ് നിയാസിനാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്;

Update: 2025-11-19 04:57 GMT

കാസര്‍കോട് : സ്‌കൂട്ടറില്‍ എം.ഡി.എം.എ കടത്തിയ കേസില്‍ യുവാവിന് കോടതി രണ്ടുവര്‍ഷം കഠിനതടവും പിഴയും വിധിച്ചു. ചെറുവത്തൂര്‍ മയിലാട്ടിക്കുന്നില്‍ എം.കെ മുഹമ്മദ് നിയാസി(34)നാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ്(രണ്ട്) കോടതി ജഡ്ജി കെ. പ്രിയ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവും അനുഭവിക്കണം.

2021 ഡിസംബര്‍ 24ന് ഉച്ചക്ക് 2.30 മണിയോടെ ചെറുവത്തൂര്‍ കൈതക്കാട് വെച്ച് നീലേശ്വരം എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ കെ.ആര്‍ കലേശന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് നിയാസ് ഓടിച്ചുവരികയായിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ 3.29 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു. മയക്കുമരുന്നും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്ത എക്സൈസ് നിയാസിനെ അറസ്റ്റ് ചെയ്തു.

തുടര്‍ന്ന് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഹൊസ്ദുര്‍ഗ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി അശോക് കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവ. പ്ലീഡര്‍ ജി ചന്ദ്രമോഹന്‍, ചിത്രകല എന്നിവര്‍ ഹാജരായി.

Similar News