ബാങ്കിന്റേതെന്ന പേരില്‍ വാട് സ് ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 22,000 രൂപ

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനിയായ യുവതിക്കാണ് പണം നഷ്ടമായത്;

Update: 2025-08-07 04:35 GMT

കാഞ്ഞങ്ങാട്: ബാങ്കിന്റേതെന്ന പേരില്‍ വാട് സ് ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 22,000 രൂപ. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനിയായ യുവതിക്കാണ് പണം നഷ്ടമായത്. പടിഞ്ഞാറ്റം കൊഴുവല്‍, മൂപ്പള്ളി മേഖലയിലെ പ്രാദേശിക വാട് സ് ആപ്പ് ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതിക്ക് പണം നഷ്ടപ്പെട്ടത്. പ്രദേശത്തെ വിവിധ വാട് സ് ആപ്പ് ഗ്രൂപ്പുകളില്‍ അംഗമായ പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനിയുടെ ഫോണാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്.

ബാങ്കിന്റെ കാസര്‍കോട് സിവില്‍ സ്‌റ്റേഷന്‍ ബ്രാഞ്ചിലുള്ള യുവതിയുടെ അക്കൗണ്ടില്‍ നിന്നാണ് പണം പോയത്. യുവതി അംഗമായ എല്ലാ വാട് സ് ആപ്പ് ഗ്രൂപ്പുകളിലേക്കും യുവതി അറിയാതെ ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന പോസ്റ്ററും ഒരു എ.പി.കെ ഫയലും ഷെയര്‍ ചെയ്യപ്പെട്ടു. ആധാര്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്നും എംപികെ ലിങ്ക് ക്ലിക്ക് ചെയ്ത് ആധാര്‍ അപ്‌ഡേറ്റ് ചെയ്യണമെന്നുമാണ് ബാങ്കിന്റെ പേരില്‍ സന്ദേശം വന്നത്.

ലിങ്ക് ക്ലിക്ക് ചെയ്തവരുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയും ഇവര്‍ അംഗമായ എല്ലാ ഗ്രൂപ്പുകളിലേക്കും ഇതേ സന്ദേശം ഫോര്‍വേഡ് ചെയ്യപ്പെടുകയും ചെയ്തു. പണം നഷ്ടമായ യുവതി ബാങ്കിന്റെ നീലേശ്വരം ബ്രാഞ്ചിലും കാസര്‍കോട് സൈബര്‍ സെല്ലിലും പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി സൈബര്‍ സെല്‍ അറിയിച്ചു.

Similar News