വീരമലക്കുന്ന് മണ്ണിടിച്ചില്‍: ദേശീയപാതയില്‍ ഗതാഗതം പുന: സ്ഥാപിച്ചു

Update: 2025-07-28 09:07 GMT

ഫയൽ ചിത്രം 

ചെറുവത്തൂര്‍ : ദേശീയ പാത 66 ചെറുവത്തൂര്‍ മയ്യിച്ചയില്‍ കനത്ത മഴയില്‍ വീരമലക്കുന്ന്് ഇടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. ഇതുവഴി നിര്‍ത്തിവെച്ച ഗതാഗതം പുനസ്ഥാപിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ഉത്തരവിറക്കി. ജില്ലയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആയ പശ്ചാത്തലത്തിലാണ് ഗതാഗതം പുനരാരംഭിച്ചത്. അതിതീവ്ര മഴ ഇല്ലാത്ത സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം തുടരാമെന്ന് ദേശീയപാതാ അതോറിറ്റ് പ്രൊജക്ട് ഡയറക്ടര്‍, വീരമലക്കുന്ന്് സന്ദര്‍ശിച്ച ശേഷം ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരുന്നുവെങ്കിലും വലിയ വാഹനങ്ങള്‍ മാത്രമാണ് പൊലീസ് മേല്‍നോട്ടത്തില്‍ കടത്തി വിട്ടത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ചെറുവത്തൂര്‍- പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നീലേശ്വരം ദേശീയ പാതയില്‍ നിന്നും കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂര്‍ ദേശീയ പാത വഴിയും പയ്യന്നൂര്‍ ഭാഗത്തു നിന്നും നിലേശ്വരം - കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോത്തായിമുക്ക് - കാങ്കോല്‍ -ചിമേനി കയ്യൂര്‍ -ചായ്യോത്ത് വഴി നിലേശ്വരം ദേശീയ പാതയിലേക്ക് എത്തിച്ചേരുന്ന രീതിയിലുമാണ് ഗതാഗതം ക്രമീകരിച്ചിരുന്നത് . കരിവെള്ളൂര്‍ - പാലക്കുന്ന് വെളളച്ചാല്‍ - ചെമ്പ്രകാനം -കയ്യൂര്‍ - ചായ്യോത്ത് വഴി നീലേശ്വരത്തേക്ക് എത്തുന്ന രീതിയിലും ഗതാഗതം ഒരുക്കിയിരുന്നു.

അതേസമയം ഗതാഗതം നിയന്ത്രിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് നിലനില്‍ക്കെ ഞായറാഴ്ച വാഹനങ്ങളെ ഇതുവഴി കടത്തിവിട്ടിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെ ഗതാഗതം നിര്‍ത്തിയിരുന്നു. പിന്നാലെ ജില്ലയില്‍ മഴയുടെ തോത് കുറഞ്ഞ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചതോടെയാണ് ഗതാഗതം പുനസ്ഥാപിച്ച് കളക്ടര്‍ ഉത്തരവിറക്കിയത്.

Similar News