വീരമലക്കുന്ന്; ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള ടാങ്ക് നിര്‍മാണത്തില്‍ ആശങ്ക

Update: 2025-08-05 07:11 GMT

ചെറുവത്തൂര്‍: വീരമലക്കുന്നിലെ മണ്ണിടിച്ചിലിന് പിന്നാലെ കുന്നിന് മുകളില്‍ നടക്കുന്ന ജല്‍ജീവന്‍ മിഷന്റെ കുടിവെള്ള ടാങ്ക് നിര്‍മാണത്തില്‍ ആശങ്ക. ചെറുവത്തൂര്‍ പഞ്ചായത്തിലേക്കുള്ള ജല്‍ജീവന്‍ മിഷന്റെ ടാങ്ക് നിര്‍മാണമാണ് വീരമലക്കുന്നിന്റെ മുകളില്‍ പുരോഗമിക്കുന്നത്. 15 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിന്റെ നിര്‍മ്മാണമാണ് നടക്കുന്നത്. മണ്ണിടിച്ച സ്ഥലവും നിലവില്‍ നടക്കുന്ന പ്രവൃത്തിയും സ്ഥലവും തമ്മില്‍ 30 മീറ്റര്‍ അകലത്തിന്റെ വ്യത്യാസമാണുള്ളത്. വീരമലക്കുന്നില്‍ അളവിലും അധികം മണ്ണെടുത്തതും ഒടുവില്‍ മണ്ണിടിച്ചിലും കൂടി ഉണ്ടായതോടെ ടാങ്ക് നിര്‍മാണം എത്രമാത്രം സുരക്ഷിതമാണെന്നാണ് ഉയരുന്ന ചോദ്യം. കുടിവെള്ള ടാങ്ക് നിര്‍മിക്കാന്‍ 45 കുഴികളാണ് കുന്നിന്‍ മുകളില്‍ എടുത്തിരിക്കുന്നത്. 45 കുഴികളിലും പിള്ളര്‍ നിര്‍മിക്കണം. ഇത്രയും ഭാരം കുന്നിന് താങ്ങാന്‍ ആവുമോ എന്നാണ് ആശങ്ക. മഴക്കാലം കൂടി ആയതിനാല്‍ കുഴികളില്‍ വെള്ളം നിറയുന്നതും മറ്റൊരു തിരിച്ചടിയാണ്. ഇത് കുന്നിടിച്ചിലിന് കാരണമാവുമോ എന്നും ആശങ്കയുണ്ട്. കുടിവെള്ള ടാങ്കിനെതിരെ നേരത്തെ തന്നെ പ്രദേശവാസികളുടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് വകവെക്കാതെയാണ് നിര്‍മാണ പ്രവൃത്തികള്‍ തുടരുന്നത്. വാട്ടര്‍ അതോറിറ്റിയാണ് നിര്‍മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

വീരമലക്കുന്നില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് സാഹചര്യം അതീവ അപകടാവസ്ഥയിലാണൈന്ന് എം.രാജഗോപാലന്‍ എം.എല്‍.എ കഴിഞ്ഞ ദിവസം ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചിരുന്നു. ജലജീവന്‍ മിഷന്റെ കുടിവെള്ള ടാങ്കിന്റെ ഭാരം കൂടി വരുമ്പോള്‍ മേഖല സുരക്ഷിതമാണോയെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വീരമലക്കുന്നില്‍ നേരത്തെ നടത്തിയ ഡ്രോണ്‍ പരിശോധനയില്‍ വിള്ളല്‍ കണ്ട ഭാഗത്താണ് പില്ലറിന്റെ കുഴികള്‍ ഉള്ളതെന്നും ഇത് ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള ഉത്തരദേശം ഓണ്‍ലൈനിനോട്‌ പറഞ്ഞു.

Similar News