മയക്കുമരുന്ന് സംഘത്തിന്റെ താവളത്തില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം; സാധാരണ മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

മരിച്ചത് ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നയിച്ചിരുന്ന ആളാണെന്ന് പൊലീസ്;

Update: 2025-07-18 04:41 GMT

ബന്തിയോട്: മയക്കുമരുന്ന് സംഘത്തിന്റെ താവളത്തില്‍ നിന്ന് അജ്ഞാതന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങി. ഇതൊരു സാധാരണ മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ചയാള്‍ വീണു കിടക്കുന്ന സാമഗ്രികള്‍ ശേഖരിച്ച് ആക്രി കടകളില്‍ വിറ്റ് ഉപജീവനം നയിച്ചിരുന്ന ആളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബന്തിയോട് ടൗണിന്റെ പരിസരത്തെ സി.സി.ടി.വി ക്യാമറകള്‍ പൊലീസ് പരിശോധന നടത്തി മരിച്ചയാളുടെ വസ്ത്രവും മറ്റും നോക്കിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

മൃതദേഹത്തിന് സമീപത്ത് നിന്ന് ഇരട്ട സിമ്മുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മൊബൈല്‍ ഫോണ്‍ പൊലീസ് കണ്ടെത്തിരുന്നു. ഇത് കളഞ്ഞു കിട്ടിയ മൊബൈല്‍ ആണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഈ ഫോണില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് സിമ്മുകള്‍ ഇല്ലാതെ 112 നമ്പറിലേക്ക് ഫോണ്‍ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ബന്തിയോട് ടൗണിന് സമീപത്ത് പൊളിഞ്ഞു വീഴാറായ മയക്കുമരുന്ന് സംഘം തമ്പടിക്കുന്ന കെട്ടിടത്തിനകത്ത് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹത്തില്‍ അടിയുടെ പാടോ മുറിവുകളോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് കിട്ടാന്‍ ഒരു മാസം കഴിയും. ഈ റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ എതെങ്കിലും പറയാന്‍ പറ്റൂവെന്നും പൊലീസ് പറഞ്ഞു.

Similar News