കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ കഥ; ടെമ്പോ ലോറിയും ബൈക്കും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ഗുരുതരം
നീര്‍ച്ചാല്‍ മുകളിലെ ബസാറില്‍ കിഡ് സ് ടോയിസ് ഫാന്‍സി കട ഉടമ പ്രകാശന്‍, ചെടേക്കാല്‍ സ്വദേശി രതീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്;
നീര്‍ച്ചാല്‍: കുമ്പള- മുള്ളേരിയ കെ.എസ്.ടി.പി റോഡില്‍ അപകടം തുടര്‍ കഥയാകുന്നു. ടെമ്പോ ലോറിയും മോട്ടോര്‍ ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നീര്‍ച്ചാല്‍ മുകളിലെ ബസാറില്‍ കിഡ് സ് ടോയിസ് ഫാന്‍സി കട ഉടമ മാന്യയിലെ പച്ചു എന്ന പ്രകാശന്‍ (36), ചെടേക്കാല്‍ സ്വദേശിയും നീര്‍ച്ചാലിലെ വാടക ക്വാട്ടേഴ്‌സില്‍ താമസക്കാരനുമായ രതീഷ്(32)എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതര പരിക്കുകളോടെ ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ബേള ധര്‍ബ്ബത്തടുക്ക പെട്രോള്‍ പമ്പിന് മുന്‍വശമാണ് അപകടം. ബേള ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ടെമ്പോ ലോറി സീതാംഗോളി ഭാഗത്ത് നിന്നും നീര്‍ച്ചാല്‍ ഭാഗത്തേക്ക് വരികയായിരുന്ന മോട്ടോര്‍ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് അബോധാവസ്ഥയിലായ ഇരുവരേയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.
ബൈക്ക് ടെമ്പോ ലോറിക്കടിയില്‍ കുടുങ്ങിയ നിലയിലായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഇതേ സ്ഥലത്ത് നിന്ന് 100 മീറ്റര്‍ മാറി കാല്‍നട യാത്രക്കാരനായ യുവാവ് സ്‌കൂട്ടര്‍ ഇടിച്ച് മരിച്ചിരുന്നു. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ക്കിടയിലുള്ള ആക്ഷേപം. കഴിഞ്ഞദിവസം ഇതേ പാതയിലെ കന്യപ്പാടി പടിപുര വളവില്‍ കോഴിമുട്ടയുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. റോഡ് പ്രവൃത്തി പൂര്‍ത്തിയായെങ്കിലും അപകട സൂചനയോ വേഗത നിയന്ത്രണത്തിനുള്ള സംവിധാനമോ ഇവിടെ സ്ഥാപിച്ചിട്ടില്ല.