ജില്ലയില്‍ ദേശീയ പാതയില്‍ രണ്ടിടത്ത് ഗതാഗത നിയന്ത്രണം; വലഞ്ഞ് യാത്രക്കാര്‍
കാസര്‍കോട്: ദേശീയ പാത 66 ല്‍ ജില്ലയില്‍ രണ്ടിടത്തുണ്ടായ അപ്രതീക്ഷിത സംഭവങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യാത്രാ ദുരിതത്തില്‍ വലഞ്ഞ് യാത്രക്കാര്‍. ചെറുവത്തൂര്‍ മയ്യിച്ച ദേശീയ പാതയില്‍ വീരമലക്കുന്ന്് ഇടിഞ്ഞതിനെ തുടര്‍ന്ന് ബുധനാഴ്ച ഇതുവഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. വലിയ വാഹനങ്ങള്‍ മാത്രമാണ് കയറ്റിവിടുന്നത്. നീലേശ്വരത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ക്കും തിരിച്ചു വരേണ്ടവര്‍ക്കും വലിയ പ്രയാസമാണ് ഇത് സൃഷ്ടിക്കുന്നത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് ചെറുവത്തൂര്‍- പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ നീലേശ്വരം ദേശീയ പാതയില്‍ നിന്നും കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂര്‍ ദേശീയ പാത വഴിയും പയ്യന്നൂര്‍ ഭാഗത്തു നിന്നും നിലേശ്വരം - കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കോത്തായിമുക്ക് - കാങ്കോല്‍ -ചിമേനി കയ്യൂര്‍ -ചായ്യോത്ത് വഴി നിലേശ്വരം ദേശീയ പാതയിലേക്ക് എത്തിച്ചേരുന്ന രീതിയിലുമാണ് ഇപ്പോള്‍ ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്. കരിവെള്ളൂര്‍ - പാലക്കുന്ന് വെളളച്ചാല്‍ - ചെമ്പ്രകാനം -കയ്യൂര്‍ - ചായ്യോത്ത് വഴി നീലേശ്വരത്തേക്ക് എത്തുന്ന രീതിയിലും ഗതാഗതം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മണ്ണിടിച്ചിലിന് പിന്നാലെയാണ് കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയ പാതയില്‍ ബുധനാഴ്ച രാവിലെ പാചക വാതക ടാങ്കര്‍ മറിഞ്ഞത്. ബസ്സിന് സൈഡ് കൊടുക്കുന്നതിനിടെ ടാങ്കര്‍ തലകീഴായി മറിയുകയായിരുന്നു. വൈകീട്ടോടു കൂടി ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വെള്ളിയാഴ്ച രാവിലെ ടാങ്കര്‍ ഉയര്‍ത്തുന്നതിനിടെ വാല്‍വ് പൊട്ടി വാതക ചോര്‍ച്ച ഉണ്ടായതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുതിയ കോട്ടയില്‍ നിന്ന് കല്ലൂരാവി വഴിയും നീലേശ്വരത്തുനിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങള്‍ മടിക്കൈ - കല്യാണ്‍ റോഡ് - അരയി വഴി കാഞ്ഞങ്ങാടേക്ക് എത്തുന്ന രീതിയിലുമാണ് ഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയില്‍ ദേശീയപാതയില്‍ രണ്ടിടത്ത് ഒരേ സമയം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് യാത്രക്കാര്‍. സാധാരണ എടുക്കുന്നതിന്റെ ഇരട്ടി ദൂരം ഏറെ സമയമെടുത്ത് വേണം യാത്ര ചെയ്യാന്‍. വീരമലക്കുന്നിന്റെ സുരക്ഷാ സ്ഥിതി പരിശോധിച്ച ശേഷം മാത്രമായിരിക്കും ഗതാഗതം പുനസ്ഥാപിക്കുക. ടാങ്കറില്‍ നിന്നുള്ള ചോര്‍ച്ച വെള്ളിയാഴ്ച രാത്രിയോടെയാണ് തടയാനാവുമെന്നാണ് പ്രതീക്ഷ.