റെയില്‍വേ സ്റ്റേഷനിലേക്കാണോ ? കാത്തിരിക്കുന്നുണ്ട് ദുരിതപാത

Update: 2025-07-11 06:44 GMT

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലേക്കുള്ള പ്രധാന പാതയായ കറന്തക്കാട് -റെയില്‍വേ സ്റ്റേഷന്‍ റോഡിലൂടെയുള്ള യാത്ര ദുരിതയാത്രയായി . വൈകി നടത്തിയ അറ്റകുറ്റപ്പണിക്കിടെ മഴയെത്തിയതോടെയാണ് റോഡ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടത്. കഴിഞ്ഞ മെയിലാണ് പൊതുമരാമത്ത് വകുപ്പ് കറന്തക്കാട്-റെയില്‍വേ സ്റ്റേഷന്‍ റോഡ് നവീകരണം ആരംഭിച്ചത്. ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ച് ഒന്നാം ലെയര്‍ ടാറിംഗ് നടത്തിവരുമ്പോള്‍ മഴ തുടങ്ങി. ഇതോടെ അറ്റകുറ്റപ്പണികള്‍ പാതിവഴിയിലായി. കനത്ത മഴ പെയ്തതോടെ ടാറിംഗ് ഇളകി കുഴിക പലയിടങ്ങളിലും റോഡ് ഒലിച്ച് പോയി ചാലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്.

റോഡില്‍ അറ്റകുറ്റപ്പണി നടത്തേണ്ടിയിരുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അറ്റകുറ്റപ്പണിക്ക് മുമ്പുണ്ടായിരുന്ന റോഡിനേക്കാള്‍ പരിതാപകരമായി മാറിയിരിക്കുകയാണ് പുതിയ റോഡ്. റോഡില്‍ മിക്കയിടങ്ങളിലും വലിയ കുഴികള്‍ രൂപപ്പെട്ടു. നിത്യേന നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ മഴ കനത്തതോടെ യാത്രാ ദുരിതം ഇരട്ടിയായി. കുഴികള്‍ താണ്ടി ഏറെ സമയമെടുത്താണ് വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നത്. റെയില്‍വേ സ്റ്റേഷനിലേക്കുള്ള പ്രധാന പാതയാണെന്നിരിക്കെ വൈകുന്നേരങ്ങളില്‍ വലിയ ഗതാഗതക്കുരുക്കാണ് കറന്തക്കാട് മുതല്‍ തായലങ്ങാടി വരെ അനുഭവപ്പെടുന്നത്. നാലോളം പൊലീസുകാര്‍ ചേര്‍ന്നാണ് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. ഗതാഗത കുരുക്കില്‍പ്പെട്ട് പലര്‍ക്കും സ്റ്റേഷനിലെത്താനാവാതെ ട്രെയിന്‍ കിട്ടാതാവുന്നതും പതിവായി. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിലേക്കുള്ള വഴിയും ഇതേ റൂട്ടിലായതിനാല്‍ കര്‍ണാടക, കേരള ആര്‍.ടി.സി.കള്‍ കൂടി കടന്നുപോകുന്നതിനാല്‍ റോഡ് തകര്‍ന്ന് ചെളിക്കുളമായി.

മഴ പൂര്‍ണമായും മാറിയാല്‍ മാത്രമേ ഇനി നിര്‍മാണപ്രവൃത്തികള്‍ പുനരാരംഭിക്കാനാവൂ. അതുവരെ യാത്രക്കാര്‍ നിലവിലെ ദുരിതപാത താണ്ടേണ്ടി വരും. കറന്തക്കാട് മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ തുടങ്ങാന്‍ വൈകിയതാണ് പ്രധാന കാരണം. ജനുവരിയില്‍ തുടങ്ങേണ്ടിയിരുന്ന പ്രവൃത്തി നാല് മാസം കഴിഞ്ഞാണ് തുടങ്ങിയത്.

Similar News