കര്‍ക്കിടക വാവിനൊരുങ്ങി തൃക്കണ്ണാട്; ക്ഷേത്ര ചരിത്രത്തിലാദ്യമായി കര്‍ശന നിയന്ത്രണങ്ങള്‍
ഉദുമ: കര്‍ക്കിടക വാവിനോടനുബന്ധിച്ച് ബലിതര്‍പ്പണത്തിനായി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം ഒരുങ്ങി. ഉത്തര കേരളത്തില്‍ ബലിതര്‍പ്പണത്തിന് ഏറെ പേരുകേട്ട ക്ഷേത്രത്തില്‍ ഇത്തവണ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ബലിതര്‍പ്പണത്തിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. 25000ല്‍ അധികം പേര്‍ ബലിതര്‍പ്പണത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി അംഗമായ ഇടയില്യം ശ്രീവത്സന്‍ നമ്പ്യാര്‍ ഉത്തരദേശത്തിനോട് പറഞ്ഞു.
ക്ഷേത്രത്തിന്റെ മുന്‍വശത്തെ തീരം കടലേറ്റത്തില്‍ തകര്‍ന്നതിനാല്‍ പിണ്ഡം ഒഴുക്കുന്നതിനും കുളിക്കുന്നതിനും ഇത്തവണ നിയന്ത്രണങ്ങളുണ്ട്. ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്ത് പ്രത്യേകം ഒരുക്കിയ പന്തലില്‍ രാവിലെ 5.30ന് ആരംഭിക്കുന്ന ബലിതര്‍പ്പണ ക്രിയകള്‍ക്ക് 20 കാര്‍മികര്‍ നേതൃത്വം നല്‍കും. കടല്‍ക്കരയിലേക്ക് പോവുന്നത് തടയാന്‍ കയര്‍ കെട്ടി വേര്‍തിരിച്ചിട്ടുണ്ട്. തീരത്ത് പൊലീസ്, കോസ്റ്റ്ഗാര്‍ഡ് , അഗ്നിരക്ഷാ സേന, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സുരക്ഷയൊരുക്കും. കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.നിലവില്‍ കടല്‍ത്തീരത്തേക്ക് ചെറിയ വഴി താത്കാലികമായി ഒരുക്കുന്നുണ്ട്. പക്ഷെ ഇവിടെ കുളിക്കാന്‍ അനുവദിക്കില്ല. കടലേറ്റമുള്ളതിനാല്‍ പിണ്ഡം കടലിലൊഴുക്കിയ ശേഷം കടല്‍വെള്ളം തലയില്‍ കുടഞ്ഞ് ചടങ്ങ് പൂര്‍ത്തിയാക്കി ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ തൊഴുത് വിശ്വാസികള്‍ മടങ്ങണമെന്നാണ് നിര്‍ദേശം.
കടല്‍ത്തീരം ഇടിയുന്നത് കടക്കിലെടുത്ത് ക്ഷേത്രത്തിന്റെ മുന്‍വശത്ത് 150 മീറ്റര്‍ വടക്കോട്ടും 100 മീറ്റര്‍ തെക്കോട്ടും പാര്‍ക്കിംഗ് നിരോധിച്ചിട്ടുണ്ട്. പകരം ഫിഷറീസ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പാര്‍ക്കിംഗ് സൗകര്യം.ഭക്തരുടെ തിരക്ക് കുറക്കാന്‍ ബലിതര്‍പ്പണത്തിനുള്ള രശീതുകള്‍ മുന്‍കൂട്ടി നല്‍കുന്നുണ്ട്. ഒപ്പം വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ മുഖേനയും നല്‍കും. രാവിലെ മുതല്‍ എട്ട് വഴിപാട് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.രാജേഷ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍, പാരമ്പര്യ ട്രസ്റ്റി അംഗമായ മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍, എന്നിവര്‍ പറഞ്ഞു.