വഴികാട്ടി ബോര്‍ഡില്ല, കുമ്പളയില്‍ നട്ടംതിരിഞ്ഞ് വാഹനയാത്രക്കാര്‍; അപകടങ്ങളും പതിവാകുന്നു

ശക്തമായ മഴയില്‍ ബോര്‍ഡില്ലാത്തത് കാരണം സര്‍വീസ് റോഡ് കാണുമ്പോള്‍ പെട്ടെന്ന് വാഹനങ്ങള്‍ വെട്ടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നു;

Update: 2025-07-21 04:36 GMT

കുമ്പള: വഴി കാട്ടി ബോര്‍ഡില്ലാത്തതിനാല്‍ കുമ്പളയില്‍ വാഹനയാത്രക്കാര്‍ വട്ടംകറങ്ങുന്നു. അപകടങ്ങളും പതിവായി. മംഗളൂരു ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ നിന്ന് കുമ്പള ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സര്‍വീസ് റോഡില്‍ കൂടി വേണം കുമ്പള ടൗണിലേക്കും മറ്റു സ്ഥലങ്ങളിലേക്കും എത്താന്‍. സ്ഥലപ്പേര് കാണിക്കുന്ന ബോര്‍ഡ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവിടെ സ്ഥാപിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം കേരള ട്രാന്‍സ് പോര്‍ട്ട് ബസ് ഇതേ സ്ഥലത്ത് വെച്ച് ഡിവൈഡറിലേക്ക് പാഞ്ഞു കയറി പതിനഞ്ചില്‍ പരം യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ശക്തമായ മഴയില്‍ ബോര്‍ഡില്ലാത്തത് കാരണം സര്‍വീസ് റോഡ് കാണുമ്പോള്‍ പെട്ടെന്ന് വാഹനങ്ങള്‍ വെട്ടിക്കുന്നത് മൂലം അപകടങ്ങള്‍ ഏറി വരുന്നു. ദീര്‍ഘ ദൂരത്തില്‍ നിന്ന് വരുന്ന വാഹന ഡ്രൈവര്‍മാര്‍ ബോര്‍ഡില്ലാത്തത് കാരണം നട്ടം തിരിയുകയാണ്.

വഴി അറിയാത്തത് മൂലം നേരെ പോകുന്നത് ദേശീയ പാതയിലേക്കാണ്. പിന്നെ മൊഗ്രാലിലെ അടിപ്പാതയിലൂടെയും കുമ്പള റെയില്‍വെ സ്റ്റേഷന് സമീപത്തെ അടിപ്പാതയിലൂടെയും വേണം കുമ്പള ടൗണിലേക്കും മറ്റ് സ്ഥലങ്ങളിലേക്കുമെത്താന്‍. ബോര്‍ഡില്ലാത്തത് കാരണം വാഹന യാത്രക്കാര്‍ക്ക് കിലോമീറ്ററോളം ചുറ്റി തിരിയേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണണമെന്ന ആവശ്യവുമായി നാട്ടുകാര്‍ അധികൃതരെ സമീപിച്ചുവെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.

Similar News