വാര്‍ത്ത ഫലം കണ്ടു; റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ ഇരിപ്പിടങ്ങള്‍ ഒരുക്കും; എ.ഡി.ആര്‍.എം സന്ദര്‍ശിച്ചു

കഴിഞ്ഞ ജൂണ്‍ 26നാണ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്ക് മതിയായ ഇരിപ്പിടമില്ലാത്തത് സംബന്ധിച്ച വാര്‍ത്ത ഉത്തരദേശം പ്രസിദ്ധീകരിച്ചത്.;

Update: 2025-07-04 07:03 GMT

കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ സീറ്റില്ലാതെ ബുദ്ധിമുട്ടുന്ന യാത്രക്കാരുടെ ദുരിത വാര്‍ത്ത ഫലം കണ്ടു. റെയില്‍വേ സ്‌റ്റേഷനില്‍ മതിയായ സീറ്റ് സൗകര്യം ഒരുക്കാന്‍ അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ് ജയകൃഷ്ണന്‍ നിര്‍ദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് എ.ഡി.ആര്‍.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചത്. അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് സംഘമെത്തിയത്. ഇതിന്റെ ഭാഗമായാണ് റെയില്‍വേ സ്‌റ്റേഷനിലെ ഇരിപ്പിടങ്ങളുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ ജൂണ്‍ 26നാണ് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്ക് മതിയായ ഇരിപ്പിടമില്ലാത്തത് സംബന്ധിച്ച വാര്‍ത്ത ഉത്തരദേശം പ്രസിദ്ധീകരിച്ചത്. അമൃത് ഭാരത് പഅമൃത് ഭാരത് പദ്ധതിയിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് അവസാനഘട്ടത്തിലെത്തിയിട്ടും കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇരിക്കാന്‍ മതിയായ ഇരിപ്പിടമില്ല . സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ നിലത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിട്ടും യാത്രക്കാരില്‍ ഭൂരിഭാഗവും പ്ലാറ്റ്ഫോമില്‍ നിന്നുകൊണ്ട് ട്രെയിനു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയാണ്.

എ.ഡി.ആര്‍.എമ്മിന്റെ നിര്‍ദേശത്തിന് പിന്നാലെ യാത്രക്കാര്‍ ദീര്‍ഘകാലമായി നേരിടുന്ന പ്രശ്‌നത്തിനാണ് പരിഹാരമാകുന്നത്. നിലിവില്‍ ഒന്നാം പ്ലാറ്റ്‌ഫോമിന്റെ പ്രധാനകവാടത്തിന് സമീപം മാത്രമാണ് കൂടുതല്‍ ഇരിപ്പിടങ്ങളുള്ളത്. തെക്ക് ഭാഗത്ത് സീറ്റില്ലാതെ പ്ലാറ്റ്‌ഫോം ശൂന്യമാണ്.

വൈകീട്ട് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ക്കായി യാത്രക്കാരുടെ എണ്ണം കൂടുമ്പോള്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാവും. പ്രായമായവരും കൈക്കുഞ്ഞുങ്ങള്‍ ഉള്ളവരും ഇരിക്കാന്‍ ഇടമില്ലാതെ വലയും. റെയില്‍വേ സ്റ്റേഷന്റെ വടക്ക് ഭാഗത്ത് രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള ചവിട്ടുപടിയാണ് പിന്നെ പലര്‍ക്കും ആശ്രയം.

Similar News