പനിയില്‍ വിറച്ച് ജില്ല; ഈ വര്‍ഷം ഇതുവരെ ചികിത്സ തേടിയത് ഒരു ലക്ഷത്തിലധികം പേര്‍
കാഞ്ഞങ്ങാട്: പനിക്കാലത്തിന് ഇടവേളയില്ലാതെ വിവിധതരം പനികളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ജില്ല. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ പനി ബാധിച്ച് ചികിത്സ നേടിയവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. പനി ബാധിച്ച് 1,15,533 പേരാണ് പനിയുടെ ചികിത്സയ്ക്കായി ജില്ലയിലെ വിവിധ ആശുപത്രികളെ സമീപിച്ചത്. സര്‍ക്കാര്‍ അലോപ്പതി ആശുപത്രികളിലെ മാത്രം കണക്കാണിത്. മറ്റിടങ്ങളിലെ കണക്കുകൂടി നോക്കിയാല്‍ എണ്ണം ഇനിയും കൂടും. ഈ വര്‍ഷം പനി ബാധിച്ച് കിടത്തി ചികിത്സയ്ക്ക് വിധേയരായവര്‍ 1701 പേരാണ്. ഇടവിട്ട് പെയ്യുന്ന മഴയും ഇടയ്ക്ക് വരുന്ന വെയിലും കനത്ത ചൂടുമാണ് പനി ബാധിക്കുന്നവരുടെ എണ്ണം കൂട്ടുന്നത്. ഈ വര്‍ഷം 292 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 791 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര്‍ മരിച്ചു. എലിപ്പനി ബാധിച്ചത് 54 പേര്‍ക്കാണ്. 14 പേര്‍ എലിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. 3 പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. ജില്ലയില്‍ ഈ വര്‍ഷം ഒരാള്‍ക്ക് ചിക്കുന്‍ഗുനിയയും സ്ഥിരീകരിച്ചു.