തെക്കിൽ പാതയിലെ ഗതാഗത പ്രശ്നത്തിന് താത്കാലിക പരിഹാരം: കെ.എസ്.ആർ.ടി.സി സർവ്വീസ് തുടങ്ങി

Update: 2025-07-10 12:01 GMT

കാസർകോട്: ദേശീയപാത 66 തെക്കിൽ-ബേവിഞ്ച-ചെർക്കള വഴിയുള്ള കെ.എസ്.ആർ.ടി.സി ബസുകളുടെ ഗതാഗതത്തിൽ ആശയക്കുഴപ്പം നീങ്ങി.ഔദ്യോഗികമായി ഗതാഗതം പുന:സ്ഥാപിച്ചില്ലെങ്കിലും സ്വകാര്യ ബസ്സുകളും മറ്റ് വാഹനങ്ങളും ചില കെ.എസ്.ആര്‍.ടി.സി ബസ്സുകളും ദിവസങ്ങൾക്ക് മുൻപ് ഇത് വഴി ഗതാഗതം ആരംഭിച്ചിരുന്നു. എന്നാൽ ചില ബസ്സുകൾ ചട്ടഞ്ചാൽ മേൽപ്പറമ്പ് വഴിയാണ് സർവീസ് നടത്തിയിരുന്നത്.ഇതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. കാഞ്ഞങ്ങാട് നിന്ന് ദേശീയപാത വഴി കാസർകോട്ടേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ ചിലത് ചട്ടഞ്ചാൽ-മേൽപ്പറമ്പ് വഴി ചന്ദ്രഗിരി പാതയിലൂടെയാണ് സർവീസ് നടത്തിയിരുന്നത്. കാഞ്ഞങ്ങാടിനും ചട്ടഞ്ചാലിനുമിടയിൽ കെ.എസ്.ആർ.ടി.സി ബസിനെ ആശ്രയിക്കുന്ന യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിച്ചിരുന്നത്. ചെർക്കളയിൽ നിന്ന് ബോവിക്കാനം ഭാഗത്തേക്കും വിദ്യാനഗർ ഭാഗത്തേക്കും പോകേണ്ടവർ വീണ്ടും കാസർകോട് പുതിയ ബസ് സ്റ്റാൻ്റിലിറങ്ങി മറ്റൊരു ബസ് കയറി യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ ദേശീയ പാത വഴിയുള്ള എല്ലാ കെ.എസ്.ആർ.ടിസി ബസ്സുകളും തെക്കിൽ - ബേവിഞ്ച വഴി കടന്നുപോകാൻ തുടങ്ങി. ഗതാഗതം പുനരാരംഭിച്ചതോടെ മൂന്നാഴ്ചയിലധികം നീണ്ടുനിന്ന ദുരിത യാത്രക്കാണ് അവസാനമായത്. 

കഴിഞ്ഞ ജൂണ്‍ 16നാണ് ദേശീയ പാത ബേവിഞ്ച ഭാഗത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ചത്. 

മണ്ണിടിഞ്ഞ ഭാഗത്തെ കല്ലും മണ്ണും ഇതുവരെ നീക്കാത്തത് ഗതാഗതത്തിന് ഭീഷണിയാണ്. ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അഞ്ച് ദിവസത്തിനകം ഗതാഗതം പുന:സ്ഥാപിക്കുമെന്നായിരുന്നു ജൂണ്‍ 24ന് ജില്ലാ കളക്ടര്‍ അറിയിച്ചത്. 

Similar News