ആസിഡ് കഴിച്ച് ആത്മഹത്യ; മരണം നാലായി

Update: 2025-09-04 06:58 GMT

കാഞ്ഞങ്ങാട്: അമ്പലത്തറ പറക്കളായിയില്‍ കുടുംബത്തിലെ മൂന്നുപേര്‍ ആസിഡ് കഴിച്ച് ജീവനൊടുക്കിയതിന് പിന്നാലെ ഇവര്‍ക്കൊപ്പം ആസിഡ് കഴിച്ച നാലാമനും മരിച്ചു. ഒണ്ടാംപുളിക്കാലിലെ രാകേഷ്(32) ആണ് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. അച്ഛന്‍ ഗോപി, അമ്മ ഇന്ദിര, സഹോദരന്‍ രഞ്ജേഷ് എന്നിവര്‍ മരിച്ചതിനു പിന്നാലെയാണ് രാകേഷും മരണത്തിന് കീഴടങ്ങിയത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ മാസം 28ന് പുലര്‍ച്ചെയാണ് കുടുംബം ആസിഡ് കഴിച്ചത്. റബ്ബറിന് ഉപയോഗിക്കുന്ന ആസിഡാണ് ഇവര്‍ കഴിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രാകേഷ് ഒഴികെ മൂന്നുപേരും അവശനിലയിലായിരുന്നു. രാകേഷ് ആണ് ഇളയച്ഛന്‍ നാരായണനെ വിവരമറിയിക്കുന്നത്. ഇതോടെയാണ് ബന്ധുക്കളും നാട്ടുകാരും വിവരമറിഞ്ഞ് സ്ഥലത്തെത്തി ഇവരെ ആസ്പത്രികളിലേക്ക് കൊണ്ടുപോയത്. ഗോപി ജില്ലാ ആസ്പത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു. ഇന്ദിരയും രഞ്ജേഷും പരിയാരം ആസ്പത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ആയിരുന്ന രാകേഷ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നാലംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്യാനുള്ള കാരണം ഇനിയും വ്യക്തമല്ല.

Similar News