ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുന്നു; നടപടിയെടുക്കാനാവാതെ എ.ബി.സി സെന്ററിന് അനുമതി കാത്ത് അധികൃതര്‍

Update: 2025-08-20 11:02 GMT

കാസര്‍കോട്: ജില്ലയില്‍ തെരുവുനായ ആക്രമണം കൂടുമ്പോഴും തെരുവുനായ്ക്കളെ നിയന്ത്രിക്കാനാവാത്ത ആശങ്കയിലാണ് അധികൃതര്‍. കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ എ.ബി.സി സെന്ററിന് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ അധികൃതര്‍ക്ക് നടപടിയിലേക്ക് നീങ്ങാനാവൂ. എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ മുളിയാറിലെ എ.ബി.സി കേന്ദ്രം കഴിഞ്ഞ ദിവസം കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ സംഘം സന്ദര്‍ശിച്ചിരുന്നു. ഇനി പരിശോധന റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന് കൈമാറിയതിന് ശേഷമായിരിക്കും അനുമതി സംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവരിക. അതുവരെ തെരുവുനായ്ക്കളുടെ പ്രജനനവും ആക്രമണവും നിയന്ത്രിക്കാനുള്ള നടപടികളൊന്നും കൈക്കൊള്ളാനാവില്ല. ജില്ലയില്‍ നേരത്തെയുണ്ടായിരുന്ന കാസര്‍കോട്, തൃക്കരിപ്പൂര്‍ എ.ബി.സി കേന്ദ്രങ്ങള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കാട്ടി 2023ലാണ് രണ്ട് കേന്ദ്രങ്ങളും അടച്ചുപൂട്ടിയത്. ഇതിന് ശേഷം ജില്ലയിലെ തെരുവുനായ നിയന്ത്രണം അടഞ്ഞ അധ്യായമായി മാറുകയായിരുന്നു. ജില്ലയിലെ വടക്കന്‍ മേഖലകളിലാണ് തെരുവുനായ ആക്രമണം രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബദിയടുക്ക ഏണിയാര്‍പ്പില്‍ മൂന്ന് വയസ്സുകാരി ഉള്‍പ്പെടെ ആറ് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. തെരുവുനായ ആക്രമണത്താല്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണവും കൂടിവരികയാണ്.

മുളിയാര്‍ എ.ബി.സി കേന്ദ്രത്തിന് ഒരാഴ്ചക്കുള്ളില്‍ അനുമതി ലഭ്യമാവുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍. ഇവിടെ അനുമതി ലഭിച്ചതിന് പിന്നാലെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവും പക്ഷെ ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഘട്ടംഘട്ടമായിട്ടായിരിക്കും നടപ്പാക്കുക. ആദ്യഘട്ടത്തില്‍ അഞ്ച് തദ്ദേശ സ്ഥാപനങ്ങളെയാണ് പരിഗണിക്കുക. ഇതിന് ശേഷമായിരിക്കും മറ്റ് തദ്ദേശസ്ഥാപനങ്ങളില്‍ പ്രവര്‍ത്തനം നടപ്പാക്കുക. മടിക്കൈ, ചെങ്കള, മുളിയാര്‍, പെരിയ പഞ്ചായത്തുകളും കാസര്‍കോട് നഗരസഭയുമാണ് ആദ്യപരിഗണനയില്‍ വരുന്നത്. ഒരു ദിവസം 20 തെരുവുനായകളെയായിരിക്കും വന്ധ്യംകരിക്കുക. ഹരിയാന ആസ്ഥാനമായ നെയ്ന്‍ ഫൗണ്ടേഷനാണ് വന്ധ്യംകരണത്തിന് കരാറേറ്റെടുത്തത്.

ജില്ലയില്‍ അടഞ്ഞുകിടക്കുന്ന കാസര്‍കോട്, തൃക്കരിപ്പൂര്‍ എ.ബി.സി കേന്ദ്രങ്ങള്‍ കൂടി തുറക്കാനായാല്‍ വന്ധ്യംകരണ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. തെരുവുനായ്ക്കളെ പാര്‍പ്പിക്കാനുള്ള കൂടൊരുക്കിയാല്‍ കേന്ദ്ര മൃഗ ക്ഷേമ ബോര്‍ഡിന്റെ അനുമതി ലഭിച്ചേക്കും. ഈ സൗകര്യങ്ങള്‍ കൂടി ഒരുക്കിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്.

Similar News