ദേശീയപാതയിലെ ഷിറിയ പാലം അപകടാവസ്ഥയില്‍; അറ്റകുറ്റപ്പണി ഏറ്റില്ല
കുമ്പള: ദേശീയ പാത 66ല്‍ ചെങ്കള-തലപ്പാടി റീച്ചിലെ ഷിറിയ പാലം അപകടാവസ്ഥയില്‍. ദേശീയ പാതയില്‍ മംഗളൂരു ഭാഗത്തേക്ക് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ സ്ലാബുകള്‍ ഇളകി വീഴുകയാണ്. ചിലയിടങ്ങളില്‍ വിള്ളലുകള്‍ വീണു. പാലം അപകടാവസ്ഥയിലായതോടെ വാഹനയാത്രക്കാരും അപകട ഭീഷണിയിലൂടെയാണ് കടന്നുപോകുന്നത്. ദേശീയ പാത നിര്‍മാണ പ്രവൃത്തിയുടെ ഭാഗമാണ് ഷിറിയ പാലത്തിന് സമാന്തരമായി മറ്റൊരു പാലം പണിതിട്ടുണ്ട്. ഇത് പക്ഷെ മൂന്ന് വരിപാത ഉള്‍ക്കൊള്ളുന്ന പാലമാണ്. മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഈ പാലത്തിലൂടെയാണ് വരുന്നത്. ദേശീയപാത 66 ആറ് വരി പാതയാണെങ്കിലും ഒന്നാം റീച്ചിലെ ഉപ്പള, ഷിറിയ, മൊഗ്രാല്‍ എന്നിവിടങ്ങളിലെ രണ്ട് വരിയുള്ള പാലങ്ങള്‍ക്ക് സമാന്തരമായി പണിത പുതിയ പാലം മൂന്ന് വരിയിലാണ് നിര്‍മിച്ചത്. പാലം ഈടുറപ്പുള്ളതുകൊണ്ടാണ് പൊളിച്ച് മാറ്റാതെന്നായിരുന്നു ദേശീയപാത അധികൃതരുടെ വാദം.
ഷിറിയ പാലത്തില്‍ മാസങ്ങള്‍ക്ക് മുമ്പ് വിള്ളല്‍ വീണതിനെ തുടര്‍ന്ന് അധികൃതര്‍ അറ്റകുറ്റ പണി നടത്തിയിരുന്നു. അറ്റ കുറ്റ പണി നടത്തിയ ഒരു ഭാഗത്തെ സ്ലാബുകളാണ് കഴിഞ്ഞ ദിവസം അടര്‍ന്നുവീണത്. പാലത്തിന്റെ മറ്റ് ഭാഗങ്ങളിലും വിള്ളല്‍ വീണിട്ടുണ്ട്. ബ്രിട്ടീഷ് ഭരണ കാലത്ത് പണിതീര്‍ത്ത ഷിറിയ പാലം അപകടം വരുത്തുന്നതിന് മുമ്പ് പൊളിച്ചുമാറ്റി പുതിയത് പണിയണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.