ഉപ്പള ഐലയില്‍ കടല്‍ ക്ഷോഭം രൂക്ഷം; വന്‍ നാശനഷ്ടം; കെട്ടിടവും റോഡും ഒലിച്ചുപോയി
200 മീറ്ററില്‍ അധികമാണ് റോഡ് ഒലിച്ച് പോയത്;
By : Online correspondent
Update: 2025-07-07 05:16 GMT
ഉപ്പള: ഐല ശിവാജിനഗര്‍, ഹനുമാന്‍ നഗര്‍ എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പെയ്യുന്ന തുടര്‍ച്ചയായ മഴയാണ് കടല്‍ ക്ഷോഭത്തിന് കാരണം. കെട്ടിടവും റോഡും കടലെടുത്തു. ഐല ഹനുമാന്‍ നഗറില്‍ മത്സ്യ തൊഴിലാളികളുടെ വലയും മത്സ്യവും മറ്റു സാമഗ്രികളും സൂക്ഷിക്കുന്ന കെട്ടിടവും ഗണേശോത്സവത്തിന് പൂജാ കര്‍മ്മങ്ങള്‍ നടത്തുന്ന കട്ടയും തകര്‍ന്ന് ഒലിച്ച് പോയി.
ശിവാജി നഗറില്‍ 20 ലക്ഷം രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടത്തിന്റെ അടി ഭാഗത്തെ മണ്ണ് ഒലിച്ച് പോയി കെട്ടിടം അപകടാവസ്ഥിലാണ്. ഹനുമാന്‍ നഗറില്‍ മത്സ്യ തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച കെട്ടിടവും ഒലിച്ച് പോയി. 200 മീറ്ററില്‍ അധികമാണ് റോഡ് ഒലിച്ച് പോയത്. പല കുടുംബങ്ങളും കടല്‍ക്ഷോഭത്തെ ഭയന്നാണ് കഴിയുന്നത്.