കടലാക്രമണം; ജില്ലയില്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കും

Update: 2025-08-04 04:57 GMT

കാസര്‍കോട്: കടലാക്രമണം രൂക്ഷമായ തൃക്കണ്ണാട് , കോട്ടിക്കുളം, അജാനൂര്‍, ചെമ്പിരിക്ക എന്നിവിടങ്ങളില്‍ സമദ്രഗ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. തീരമേഖലയുടെ സംരക്ഷണത്തിന് താത്കാലിക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ടതില്ലെന്നും ശാശ്വത പരിഹാരം കാണുന്ന തരത്തില്‍ പദ്ധതി നടപ്പാക്കണമെന്നുമുള്ള നിലപാടിലാണ് ജില്ലയിലെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലയിലെ തീരശോഷണത്തെ തടയാന്‍ സമഗ്ര പദ്ധതി ആവിഷ്‌കരിക്കണമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടിരുന്നു. കടലേറ്റം ജില്ലയില്‍ പലയിടങ്ങൡലായി കൂടിക്കൊണ്ടിരിക്കുന്നതിനാല്‍ പ്രശ്‌നബാധിത മേഖലഖളില്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന്് അദ്ദേഹം പറഞ്ഞു. ജലവിഭവ വകുപ്പ് വിഷയത്തില്‍ പഠനം നടത്തും. പഠനം പൂര്‍ത്തിയാക്കി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയറോട് നിര്‍ദ്ദേശിച്ചു.

നിലവില്‍ അജാനൂരില്‍ ബണ്ട് നിര്‍മ്മാണ പ്രവൃത്തിയും കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണ പ്രവൃത്തിയും പുരോഗമിക്കുകയാണ്. തൃക്കണ്ണാട് ട്രെട്രാപോഡ് ഉപയോഗിച്ചുള്ള സംരക്ഷണ പ്രവൃത്തിക്കായി 50 കോടിയുടെ എസ്‌ററിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇവിടെ കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണത്തിന് 23 ലക്ഷം രൂപയുടെ ഡി.പി.ആറും ജിയോബാഗ് സംരക്ഷണത്തിന് 30 ലക്ഷം രൂപയുടെ ഡി.പി.ആറും സമര്‍പ്പിച്ചിട്ടുണ്ടെന്ന് മേജര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഈ വര്‍ഷം മഴ കനത്തതിനാല്‍ ജില്ലയിലെ കടല്‍ത്തീരമേഖലകളില്‍ വലിയ കടലാക്രമണമാണ് നേരിടുന്നത്. കടലേറ്റം രൂക്ഷമായതിനാല്‍ തീരം ഇടിഞ്ഞ് പോവുന്നത് തീരദേശ വാസികള്‍ക്കും ഭീഷണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തിനും ഇത് തിരിച്ചടിയാവുകയാണ്. തൃക്കണ്ണാട് കടലേറ്റം രൂക്ഷമായതോടെ സംസ്ഥാന പാതയും ഭീഷണിയിലാണ്. നാട്ടുകാരും വിവിധ സംഘടനകളും പ്രതിഷേധിച്ചതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്.

Similar News