ബസ്സില്‍ വെച്ച് തര്‍ക്കം; ബോവിക്കാനം ടൗണില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു
സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ ബോവിക്കാനം ടൗണില്‍ വിദ്യാര്‍ഥികള്‍ തമ്മിലടിക്കുന്നത് പതിവായിരിക്കുകയാണെന്ന് പൊലീസ്;
മുള്ളേരിയ: ബോവിക്കാനം ടൗണില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലടിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം. ഒരു സര്‍ക്കാര്‍ സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് സംഘട്ടനത്തില്‍ ഏര്‍പ്പെട്ടത്. ബസില്‍ വച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ഏറ്റുമുട്ടല്‍. വിവരമറിഞ്ഞ് ആദൂര്‍ പൊലീസ് എത്തിയതോടെ ഏതാനും വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. ചിലരെ കസ്റ്റഡിയിലെടുത്തു.
പരാതി ഇല്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ ഗൗരവം പറഞ്ഞ് ബോധ്യപ്പെടുത്തിയശേഷം ഇവരെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. സ്‌കൂള്‍ വിടുന്ന സമയങ്ങളില്‍ ബോവിക്കാനം ടൗണില്‍ വിദ്യാര്‍ഥികള്‍ തമ്മിലടിക്കുന്നത് പതിവായിരിക്കുകയാണ്. തിങ്കളാഴ്ച വൈകിട്ട് മറ്റൊരു സ്‌കൂളിലെ കുട്ടികളും ബോവിക്കാനത്ത് ഏറ്റുമുട്ടിയിരുന്നു. സംഘട്ടനത്തില്‍ ഉള്‍പ്പെട്ട 15 കുട്ടികളെ ചൊവ്വാഴ്ച സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പൊലീസ് മുന്നറിയിപ്പ് നല്‍കി.