ജില്ലയില്‍ നാല് ദിവസം റെഡ് അലര്‍ട്ട്; അതിതീവ്ര മഴ തുടരും; ജാഗ്രതാ നിര്‍ദേശം

Update: 2025-07-17 10:18 GMT

കാസര്‍കോട്: അതിതീവ്ര മഴ തുടരുന്ന പശ്ചാത്തലത്തില്‍ കാസര്‍കോട് ഉള്‍പ്പെടെ മൂന്ന് ജില്ലകളില്‍ തുടര്‍ച്ചയായ നാല് ദിവസം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോടിനൊപ്പം കണ്ണൂര്‍, വയനാട് ജില്ലകളിലും ഇന്ന് മുതല്‍ ജൂലൈ 20 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയില്‍ ബുധനാഴ്ച അതിതീവ്ര മഴ പെയ്തതിന് പിന്നാലെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും ഉച്ചയോടെ ശക്തി പ്രാപിച്ച് അതിതീവ്രമഴയായി. തുടര്‍ന്നാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോരത്തേക്കുള്ള വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് അടഞ്ഞുകിടക്കുകയാണ്. അതിതീവ്ര മഴയോടൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ചന്ദ്രഗിരി നടക്കലില്‍ വീടിന് മുകളിലേക്ക് കൂറ്റന്‍ കല്ല് പതിച്ചു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കീഴൂരില്‍ മുപ്പതോളം വീടുകളില്‍ വെള്ളം കയറി. തൃക്കണ്ണാട്, കോട്ടിക്കുളം , ബേക്കല്‍, അജാനൂര്‍ ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. തൃക്കണ്ണാട് ഇന്ന് രാവിലെ രൂപപ്പെട്ട ഗര്‍ത്തം സംസ്ഥാന പാതയ്ക്ക് ഭീഷണിയായിരിക്കുകയാണ്. പെരിങ്കടിയില്‍ കടല്‍ക്ഷോഭത്തില്‍ റോഡ് തകര്‍ന്നു.

Similar News