നല്‍കിയത് വ്യവസായ വികസനത്തിന്; ചെയ്യുന്നത് മാലിന്യ നിക്ഷേപം

By :  Sub Editor
Update: 2025-06-21 10:36 GMT

കാസര്‍കോട് നഗരസഭാ വ്യവസായ വികസന കേന്ദ്രം കെട്ടിടത്തില്‍ തള്ളിയ മാലിന്യ ചാക്കുകള്‍

കാസര്‍കോട്: വ്യവസായ വികസനത്തിന് സിഡ്‌കോയില്‍ നിന്ന് ഏറ്റെടുത്ത രണ്ടേക്കര്‍ ഭൂമി മാലിന്യ നിക്ഷേപ കേന്ദ്രമാക്കി കാസര്‍കോട് നഗരസഭ. വിദ്യാനഗര്‍ സിഡ്‌കോ വ്യവസായ എസ്റ്റേറ്റിലാണ് 'തലതിരിഞ്ഞ വികസനം' കൊണ്ട് ജനങ്ങള്‍ക്ക് ദുരിതമാകുന്നത്.

നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ നിന്നും പണമീടാക്കി ശാസ്ത്രീയമായി സംസ്‌ക്കരിക്കാന്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന മാലിന്യമാണ് ചാക്കുകെട്ടുകളില്‍ നിറച്ച് ഇവിടെ തള്ളുന്നത്. മഴക്കാലമായതോടെ ചാക്കുകെട്ടുകളില്‍ നിറച്ച് കൂട്ടിയിട്ട മാലിന്യം തെരുവ് നായ്ക്കള്‍ വലിച്ചിട്ട് സമീപത്തെ കിണറുകളിലേക്കടക്കം എത്തുകയാണെന്ന് സമീപത്തുള്ള സംരംഭകര്‍ പറയുന്നു. ഷെഡ്ഡുകള്‍ പണിത് സംരംഭകര്‍ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സിഡ്‌കോയില്‍ നിന്ന് ഭൂമി ഏറ്റെടുത്തതെന്ന് സിഡ്‌കോ അധികൃതര്‍ പറയുന്നു. പേരിന് ഒന്നുരണ്ട് ഷെഡുകള്‍ പണിതതല്ലാതെ അടിസ്ഥാന സൗകര്യങ്ങളൊരുക്കി കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.


പ്ലാസ്റ്റിക് ഷ്രഡ്ഡിംഗ് യൂണിറ്റിന് പുറത്തെ കാഴ്ച്ച

കാസര്‍കോട് നഗരസഭ പ്ലാസ്റ്റിക്ക് ഷ്രഡ്ഡിംഗ് യൂണിറ്റ് എന്ന പേരില്‍ ചെറിയൊരു ഷെഡ്ഡ് പണിതിട്ടുണ്ടെങ്കിലും മാലിന്യം ചാക്കുകെട്ടികളാക്കി പുറത്ത് കൂട്ടിയിട്ടിരിക്കുകയാണ്. തൊട്ടടുത്ത് കാസര്‍കോട് നഗരസഭ വ്യവസായ വികസന കേന്ദ്രം എന്ന വലിയ ബോര്‍ഡ് വെച്ച് ഇരുനില കെട്ടിടം പണിതിട്ടുണ്ടെങ്കിലും അതും മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. സമീപത്തെ വ്യവസായ സംരംഭങ്ങളിലേക്ക് നടന്നുപോകുന്നവര്‍ക്ക് മൂക്കുപൊത്തിയും മാലിന്യങ്ങളില്‍ ചവിട്ടിയും മാത്രമേ ഇതിലൂടെ കടന്നുപോകാനാവുകയുള്ളൂ. സിഡ്‌കോയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും സംരംഭകരുടെയും നേതൃത്വത്തില്‍ ശ്രമം നടന്നുവരവെ 'ഞങ്ങള്‍ക്കിതൊന്നും ബാധകമല്ല' എന്ന മട്ടില്‍ വര്‍ഷങ്ങളായി തുടരുന്ന അനാസ്ഥ എന്ന് മാറുമെന്നാണ് സംരംഭകര്‍ ചോദിക്കുന്നത്.



Similar News