സ്വകാര്യ ബസ് സമരം; ജില്ലയില്‍ പൂര്‍ണം ; യാത്രക്കാര്‍ വലഞ്ഞു

Update: 2025-07-08 04:32 GMT

സ്വകാര്യ ബസ് സമരത്തെ തുടർന്ന് വിജനമായ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് 

കാസര്‍കോട്: സ്വകാര്യ ബസ്സുകളുടെ സൂചന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിയതോടെ പൊതുജനം വലഞ്ഞു. കെ.എസ്.ആര്‍.ടി.സി പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്. പ്രധാന ടൗണുകളിലേക്ക് അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ക്കായി അധിക സര്‍വീസ് ഒരുക്കി. വിദ്യാനഗര്‍ , സിവില്‍ സ്‌റ്റേഷനിലേക്കുള്ള യാത്രക്കാര്‍ക്കും കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നുണ്ട്. ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രക്കാര്‍ പലയിടങ്ങളിലും ബസ്സിലാതെ പെരുവഴിയിലായി. പലരും ഓട്ടോ റിക്ഷകളെയാണ് ആശ്രയിക്കുന്നത്.

മംഗളൂരു ഭാഗത്തേക്ക് കര്‍ണാടക ആര്‍.ടി.സി ബസ്സുകളും , കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നടത്തുന്നതിനാല്‍ ഈ വഴിയുള്ള യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാണ്.ജില്ലയുടെ തെക്കന്‍ ഭാഗങ്ങളില്‍ നിന്ന് വടക്കോട്ടുള്ള യാത്രക്കാരെ കൊണ്ട് കെ.എസ്.ആര്‍.ടി.സിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്

22 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് ബസ്സുടമകള്‍ പറയുന്നത്.ദീര്‍ഘകാലമായി സര്‍വീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പിന്റെയും ദീര്‍ഘദൂര ബസുകളുടെയും പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് കാലോചിതമായി വര്‍ധിപ്പിക്കുക, ബസ് ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ- ചെല്ലാന്‍ വഴിയുള്ള അന്യായമായ പിഴ ചുമത്തല്‍ അവസാനിപ്പിക്കുക, ബസുകളില്‍ മാത്രം ജിപിഎസ് സ്പീഡ് ഗവര്‍ണര്‍ ക്യാമറകള്‍ തുടങ്ങിയ വിലകൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ഗതാഗത വകുപ്പിന്റെ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Similar News