മോഷണത്തിനെത്തിയപ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു; ഓടിരക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി പൊലീസ് പിടിയില്‍
കണ്ണാടിപ്പാറ സാന്തിയോടിലെ കലന്തര്‍ ഷാഫിയെയാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്;
കുമ്പള: മോഷണത്തിനെത്തിയപ്പോള്‍ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ ഓടിരക്ഷപ്പെട്ട കഞ്ചാവ് കേസിലെ പ്രതി പൊലീസ് പിടിയിലായി. കണ്ണാടിപ്പാറ സാന്തിയോടിലെ കലന്തര്‍ ഷാഫി( 34)യെയാണ് കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി കണ്ണാടിപ്പാറയിലെ ഹരീഷിന്റെ വീട്ടില്‍ കവര്‍ച്ചക്കെത്തിയതായിരുന്നു കലന്തര്‍ ഷാഫി. വീട്ടുകാര്‍ വാതില്‍ ചാരിയാണ് കിടന്നുറങ്ങിയത്. വാതില്‍ തള്ളി നീക്കി അകത്ത് കടന്ന പ്രതി സാധനങ്ങളെടുക്കുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെ കലന്തര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
കുമ്പള എസ്.ഐ. ശ്രിജേഷും സംഘവും നടത്തിയ രാത്രികാല പട്രോളിംഗിനിടെയാണ് ഷാഫി പൊലീസിന്റെ കണ്ണില്‍പെടുന്നത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. 2021ല്‍ 5 കിലോ കഞ്ചാവ് കടത്തിയ കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന പ്രതിയാണ് കലന്തര്‍ ഷാഫിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.